നമ്മുടെ നാട്ടിലും ഇന്ത്യയിലും ലോകം മുഴുവനിലും ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയെ മറികടക്കാനായി, മാതാവിന്റെ വണക്കത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന മെയ്മാസം, അഖണ്ഡജപമാല മാസാചരണമായി നടത്താനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആഹ്വാനത്തെതുടര്‍ന്ന്, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടേയും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെയും നിര്‍ദേശപ്രകാരം കുറവിലങ്ങാട് ഇടവകയില്‍ അഖണ്ഡ ജപമാലമാസാചരണത്തിനു കഴിഞ്ഞ അർദ്ധരാത്രിയിൽ തുടക്കമായി. കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം അര്ക്കദിയാക്കോന് തീർത്ഥാടന ദേവാലയം ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍ ആദ്യ ജപമാല ചൊല്ലി അഖണ്ഡ ജപമാല മാസാചരണത്തിനു തുടക്കം കുറിച്ചു. തുടര്‍ന്ന് ഇടവകയിലെ സഹവികാരിമാരും വിവിധ കുടുംബങ്ങളും ജപമാല ചൊല്ലാന്‍ ആരംഭിച്ചു. മെയ്മാസം 31 നു രാത്രി 12 വരെ തുടര്‍ച്ചയായി ജപമാലയര്‍പ്പണം നടത്തുന്നതിനായി ഇടവകയിലെ കുടുംബങ്ങളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തി. ഒരു ദിനത്തില്‍ 48 പേര് അഖണ്ഡ ജപമാലപ്രാര്ഥനയില് കണ്ണികളാകും. 31 ദിനങ്ങള്‍ക്കുള്ളില്‍ 1,488 കണ്ണികളായി അഖണ്ഡ ജപമാലയര്‍പ്പണം പൂര്‍ത്തീകരിക്കും. കോവിഡ് മഹാമാരിയെ മറികടക്കാനായി ദൈവത്തില്‍ ആശ്രയിക്കാനും ഈ മാസം ജപമാലമാസാചരണം നടത്താനുമാണ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നത്. സഭാതലവന്റെ ആഹ്വാനത്തെ സ്വീകരിച്ച് ഇടവകയിൽ ഈ മാസം 15 ലക്ഷം ജപമാലയര്‍പ്പണം നടത്താനും കുറവിലങ്ങാട് ഇടവക തീരുമാനിച്ചു. ഇടവകയിലെ മൂവായിരത്തി മൂന്നോറോളം വരുന്ന കുടുംബങ്ങളിലെ ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന പതിനാറായിരത്തോളം വരുന്ന അംഗങ്ങളുടെ നേതൃത്വത്തിലാകും 15 ലക്ഷം ജപമാലയര്‍പ്പണം ലക്ഷ്യമിടുന്നത്. ഇടവകാതിര്‍ത്തിയിലെ സന്യാസിനി സന്യാസ ഭവനങ്ങളും വൈദിക പരിശീലന കേന്ദ്രങ്ങളും ഇതിന്റെ ഭാഗമായി മാറും. ഇടവകയിലെ ഒരംഗം കുറഞ്ഞത് 100 ജപമാലയെങ്കിലും ചൊല്ലി ദൈവസന്നിയില്‍ സമര്‍പ്പിക്കാനാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. അഖണ്ഡജപമാലയര്പ്പണത്തിലും 15 ലക്ഷം ജപമാലയിലും പങ്കെടുക്കുന്ന പേരുവിവരങ്ങള്‍ രേഖപ്പെടുത്താനും തീരുമാനമുണ്ട്. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍, സീനിയര്‍ സഹവികാരി റവ. ഡോ. ജേക്കബ് പണ്ടാരപറമ്പില്‍, സഹവികാരിമാരായ ഫാ. ജോസഫ് അമ്പാട്ട്, ഫാ. മാത്യു പാലക്കാട്ടുകുന്നേല്‍, ഫാ. തോമസ് കൊച്ചോടയ്ക്കല്‍, പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ. തോമസ് മലയില്‍പുത്തന്‍പുര, റസിഡന്റ് പ്രീസ്റ്റ് ഫാ. സെബാസ്റ്റ്യന്‍ മമ്പള്ളിക്കുന്നേല്‍, കുടുംബകൂട്ടായ്മ ജനറല്‍ ലീഡര്‍, പള്ളിയോഗം സെക്രട്ടറി, സോണ്‍ ലീഡര്‍മാര്‍, യോഗപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് അഖണ്ഡജപമാലയര്പ്പണത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.