എംജി സർവകലാശാലയിലെ ബിരുദപരീക്ഷകളുടെ ഫലം വന്നപ്പോൾ 8 റാങ്കുകൾ, 69 എ പ്ലസുകൾ, 137 എ ഗ്രേഡുകൾ നേടി കുറവിലങ്ങാട് ദേവമാതാ കോളജ് മിന്നുംപ്രകടനം കാഴ്ച്ചവെച്ചു. സർവകലാശാലയിലെ ഒന്നാം റാങ്കടക്കം നേടിയതിലൂടെ കോളജ് മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്.
എല്ലാ വിഷയങ്ങളിലും ഉന്നത വിജയശതമാനം നേടിയ കോളജിലേക്ക് ബികോം കംപ്യൂട്ടർ ആപ്ലിക്കേഷനിലൂടെയാണ് സർവകലാശാലയിലെ ഒന്നാം റാങ്ക് വിരുന്നെത്തിയത്. കോളജിലെ ആരതി ബാബുവാണ് ഒന്നാം റാങ്ക് നേടിയത്.
ബിഎ മലയാളത്തിൽ അമല ട്രീസ ജയിസ് മൂന്നാം റാങ്ക് നേടി.
ബിഎ ഇംഗ്ലീഷ് ത്രീമെയിൻ കോഴ്സിൽ ആദ്യ പത്ത് റാങ്കുകളിൽ ആറെണ്ണവും ദേവമാതാ കോളജിലെ മിടുക്കികൾ കൈപ്പിടിയിലൊതുക്കി. ഇതാദ്യമായാണ് ആറ് പ്രധാന റാങ്കുകൾ ബിഎ ഇംഗ്ലീഷ് ത്രീമെയിനിൽ ദേവമാതാ കോളജിലേക്ക് എത്തുന്നത്. ഇംഗ്ലീഷ് സാഹിത്യവും മാധ്യമപഠനവും ആശയവിനിമയവും ഉൾക്കൊള്ളുന്ന കോഴ്സിലെ മൂന്നാം റാങ്ക് കോളജിലെ ആഷ്ലി കാതറിൻ ജോണ് നേടി. ആറു മുതൽ പത്തു വരെയുള്ള റാങ്കുകൾ തുടർച്ചയായി ദേവമാതായിലേക്ക് ഒഴുകിയെത്തുകയായിരുന്നു. സംഗീത എലിസബത്ത് ജോസ് ആറാം റാങ്കും സനീന കരോളിൻ ബൈജു ഏഴാം റാങ്കും എസ്. ആരതി എട്ടാം റാങ്കും കെ. റഹ്ജ ഒൻപതാം റാങ്കും എം.ഡി. നന്ദന പത്താം റാങ്കും കോളജിലേക്ക് എത്തിച്ചു.
ഒൻപത് ബിരുദ കോഴ്സുകളിലായി ദേവമാതാ കോളജിലെ മിടുക്കർ ഇക്കുറി കൈപ്പിടിയിലൊതുക്കിയത് 68 എ പ്ലസുകളാണ്.
ഒന്നാം റാങ്കിനൊപ്പം പ്രധാന 15 റാങ്കുകളും ബികോം കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ദേവമാതായിലെ വിദ്യാർത്ഥികൾ കൈപ്പിടിയിലൊതുക്കി. ബികോം കംപ്യൂട്ടർ ആപ്ലിക്കേഷനിൽ 16 വിദ്യാർത്ഥികളാണ് എ പ്ലസ് തിളക്കത്തിൽ ബിരുദം നേടിയത്.
എ പ്ലസുകളിൽ കോളജിൽ തന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബിഎസ്സി കെമിസ്ട്രി വിദ്യാർത്ഥികളാണ്. 17 വിദ്യാർത്ഥികളാണ് കെമിസ്ട്രിയിൽ എ പ്ലസ് നേടിയത്.
ബിഎസ്സി മാത്തമാറ്റിക്സിൽ 11, ബിഎസ്സി ഫിസിക്സിൽ 10, ബിഎസ്സി സുവോളജിയിൽ 7, ബിഎസ്സി ബോട്ടണിയിൽ 2 എന്നിങ്ങനെയാണ് സയൻസ് വിഭാഗത്തിലെ എ പ്ലസുകളുടെ എണ്ണം.
സയൻസിനൊപ്പം ആർട്സിലും എ പ്ലസുകൾ കോളജിലേക്ക് ഇക്കുറിയും എത്തി. ബിഎ ഇക്കണോമിക്സിൽ മൂന്നു വിദ്യാർത്ഥികളും ബിഎ മലയാളത്തിൽ രണ്ട് വിദ്യാർത്ഥികളും എ പ്ലസ് നേടിയവരുടെ പട്ടികയിലാണ്.
ബികോമിൽ കംപ്യൂട്ടർ ആപ്ലിക്കേഷനൊപ്പം ഫിനാൻസ് ആൻഡ് ടാക്സേഷനിലും എ പ്ലസുകൾ നേടിയിട്ടുണ്ട്. ഫിനാൻസ് ആൻഡ് ടാക്സേഷനിൽ രണ്ട് വിദ്യാർത്ഥികൾ എ പ്ലസ് ജേതാക്കളാണ്.
വിജയികളെ പ്രിൻസിപ്പൽ ഡോ. ജോജോ കെ. ജോസഫ്, മാനേജർ റവ.ഡോ. ജോസഫ് തടത്തിൽ, വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ അഭിനന്ദിച്ചു.