കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച്ച് ഡീക്കൻ മർത്ത്മറിയം തീർത്ഥാടന ദേവാലയ മാനേജ്മെന്റ് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിജയദിനാഘോഷം നടത്തി. 2018-19 അധ്യയന വർഷത്തെ പ്രവർത്തനമികവിന്റെയും വിജയത്തിന്റെയും ആഘോഷമാണ് സംഘടിപ്പിച്ചത്.
+2 പരീക്ഷയിൽ കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് വിഭാഗത്തിൽ 16 എ പ്ലസുകളും ഹ്യുമാനിറ്റീസ് 4 എ പ്ലസുകളൂം നേടി. SSLC പരീക്ഷയിൽ സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ 11 വിദ്യാർത്ഥികൾക്കും, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ 29 വിദ്യാർത്ഥികൾക്കും, എ+ നേടാനായി. എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും സമ്മേളനത്തിൽ ആദരിച്ചു.
വിദ്യാലയങ്ങളിലെ മികച്ച അധ്യാപകർക്കുള്ള മാനേജേഴ്സ് അവാർഡ് സിബി ജോസഫ് (എച്ച്എസ്എസ്), സിസ്റ്റർ റാണി മാത്യു (എച്ച്എസ്എസ്, ഹൈസ്കൂൾ), സാബു ജോർജ് (എച്ച്എസ്എസ്, യുപി), റാണി മാത്യു (ബിഎൽപിഎസ്) പ്രിയ കെ. മാത്യു (ജിഎച്ച്എസ്, ഹൈസ്കൂൾ), ലൂസി എൻ. തോമസ് (ജിഎച്ച്എസ് യുപി), ജെസി ജോസഫ് (ജിഎൽപിഎസ്) എന്നിവർ ഏറ്റുവാങ്ങി.
വിദ്യാർത്ഥികൾ അധ്യയനമേഖലയിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനൊപ്പം കൃഷിയും അടുക്കളഭാഷയും അറിയണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സെന്റ് മേരീസ് സ്കൂളുകളിലെ വിജയദിനാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. വിദ്യാഭ്യാസം ജീവിതഗന്ധിയാകണം. ആണ്‍കുട്ടികൾ വിദ്യാഭ്യാസത്തിനൊപ്പം കൃഷിയിടങ്ങൾ സന്ദർശിക്കുകയും കൃഷിയിൽ പങ്കുചേരുകയും വേണം. പെണ്‍കുട്ടികൾ അടുക്കളയുടെ പ്രവർത്തനം പഠിക്കണം. അടുക്കളഭാഷ അറിയണം. നാളെ കുടുംബങ്ങൾ നയിക്കേണ്ടവരാണ് ഇന്നത്തെ വിദ്യാർത്ഥികളെന്നതിനാൽ ഇത്തരത്തിൽ പരിശീലനമുണ്ടാകണം. നേട്ടങ്ങൾ ദൈവദാനമായി കാണണം. എല്ലാ നേട്ടങ്ങളിലും ഒരു ആത്മീയത ദർശിക്കാനാകണമെന്നും ബിഷപ് പറഞ്ഞു.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജർ റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണവും അവാർഡുകളുടെ വിതരണവും പൂർവവിദ്യാർത്ഥിയും സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ചെയർമാനുമായ ഡോ. വി.എ. ജോസഫ് നിർവഹിച്ചു. ഇടവക പ്രമോഷൻ കൗണ്‍സിൽ ജനറൽ കോ-ഓർഡിനേറ്റർ ഡോ. ജോയി ജേക്കബ്, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ നോബിൾ തോമസ് എന്നിവർ പ്രസംഗിച്ചു.
https://www.facebook.com/media/set/?set=a.2158209484277144&type=3