സ്തുതിഗീതങ്ങളും പ്രാർത്ഥനാമഞ്ജരികളും ഭക്തിനിർഭരമാക്കിയ അന്തരീക്ഷത്തിൽ മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാളിനു കൊടിയേറി. ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ തിരുനാൾ കൊടിയേറ്റി. തുടർന്ന് ആർച്ച്പ്രീസ്റ്റിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലിയും ലദീഞ്ഞും നടന്നു. സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരി ഫാ. ജോർജ് നെല്ലിക്കലൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, ഫാ. ബിജി കുടുക്കാതടം, ഫാ. തങ്കച്ചൻ നമ്പുശേരിൽ എന്നിവർ സഹകാർമികരായി.
മൂന്നുനോമ്പ് തിരുനാളിന് കൊടിയേറിയതോടെ നാട്ടുവഴികളും നഗരവീഥികളും, കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസന്നിധിയിലേക്ക് ഒഴുകുന്ന പ്രതീതിയാണ്. തിരുനാൾ ഇന്നു തുടങ്ങുമ്പോൾ മുത്തിയമ്മയുടെ തിരുസവിധത്തിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമായിരിക്കും…
ഇന്ന് തിരുനാളിനെത്തുന്നവർക്ക് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കാനുള്ള അപൂർവമായ അവസരം ലഭിക്കും. ഗാഗുൽത്താ മലയിൽ ഈശോമിശിഹാ മരണം വരിച്ച വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ആണ്ടുവട്ടത്തിൽ ഒരിക്കൽ മാത്രമാണ് പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്നത്. പാറേമ്മാക്കൽ തോമാഗോവർണ്ണദോരുടേയും മാർ കരിയാറ്റിയുടെയും റോമ്മാ യാത്രയിൽ പിന്തുണയേകിയ കുറവിലങ്ങാട് ഇടവക ദേവാലയത്തിന് നൽകിയ സമ്മാനമായിരുന്നു വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ്. റോമാ യാത്രയുമായി ബന്ധപ്പെട്ട സമ്മേളനത്തിൽ അന്നത്തെ കുറവിലങ്ങാട് വികാരിയായിരുന്നു അധ്യക്ഷത വഹിച്ചത്. ഇന്ന് രാവിലെ 8.30 മുതൽ 2.45 വരെയാണ് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്നത്.