സിറോ മലബാർ സഭാദ്ധ്യക്ഷന്റെ സ്ഥാനിക ⛪️ദേവാലയമായ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ സിറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി രണ്ടു ദിനം നീണ്ട ഔദ്യോഗിക സന്ദർശനം പൂർത്തീകരിച്ചു മടങ്ങി.
കർദ്ദിനാളിന് കുറവിലങ്ങാട്ടെ ഇടവക സമൂഹം ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയമായി കുറവിലങ്ങാട് ഇടവക പള്ളിയെ ഉയർത്തിയതിനുശേഷം ഒരു വർഷം പിന്നിട്ട വേളയിലായിരുന്നു രണ്ടു ദിനം നീണ്ട സന്ദർശനം. കുറവിലങ്ങാട് ഇടവകയിലെ മൂവായിരത്തിലേറെ വരുന്ന കുടംബങ്ങളിൽ നിന്നുള്ള ഇടവക ജനവും സണ്‍ഡേ സ്കൂളുകളിൽനിന്നുള്ള രണ്ടായിരത്തോളം വിദ്യാർത്ഥികളും ഒപ്പം അയൽ ഇടവകകളിൽനിന്നുള്ളവരും സഭാ തലവനെ കാണാനെത്തിയിരുന്നു.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, പാലാ രൂപത വികാരി ജനറാൾ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, ആർച്ച്പ്രീസ്റ്റ് റവ.ഡോ.ജോസഫ് തടത്തിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.ശനിയാഴ്ച വൈകുന്നേരം മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയിലൂടെ പ്രാർത്ഥിച്ചൊരുങ്ങിയാണു വിശ്വാസികൾ പരിപാടികളിൽ പങ്കുചേർന്നത്. മാർ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം ജൂബിലി കപ്പേളയിലേക്കുള്ള ജപമാലയിൽ കർദിനാൾ ആദ്യാവസാനം പങ്കെടുത്തു. കുറവിലങ്ങാടിന്റെ മുത്തിയമ്മഭക്തി സഭയ്ക്കു വലിയ അനുഗ്രഹമാണെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
ചേർപ്പുങ്കൽ മെഡിസിറ്റിയിലേക്കും, 16 ഇടവക ദേവാലയങ്ങളിലേക്കും ഒരു ആശ്രമദേവാലയത്തിലേക്കും കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപങ്ങൾ കർദിനാൾ ആശീർവദിച്ചു കൈമാറി. ഫൊറോനയിലെ വൈദികരുടെ യോഗത്തിൽ പങ്കെടുത്ത മേജർ ആർച്ച്ബിഷപ് രാത്രി വൈകി ഇടവക പ്രതിനിധിയോഗത്തിലും പങ്കെടുത്തു.
സന്ദർശനത്തിന്റെ രണ്ടാംദിനത്തിൽ രാവിലെ 8.30ന് ഇടവകയിലെ വിവിധ ഭക്തസംഘടന അംഗങ്ങളുടെ യോഗത്തിൽ കർദ്ദിനാൾ പങ്കെടുത്ത് സന്ദേശം നൽകി. 10.00 നു കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, വികാരി ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ എന്നിവർ സഹകാർമികരായി. വിശുദ്ധ കുർബാന മധ്യേ കുറവിലങ്ങാട് വികാരിക്ക് ആർച്ച്പ്രീസ്റ്റ് പദവി സമ്മാനിച്ചതിലെ സന്തോഷവും അർക്കദിയാക്കോൻ പാരമ്പര്യവും മാതൃഭക്തിയും കർദിനാൾ പ്രത്യേകം അനുസ്മരിച്ചു.ഒന്നര മണിക്കൂറോളം ഇടവകയിലെ വിവിധ സംഘടനകളോടൊപ്പം ചെലവഴിച്ചു. ഇടവക ഡയറക്ടറിയുടെയും കുറവിലങ്ങാട് മുത്തിയമ്മ’, ‘കുറവിലങ്ങാട്, ഉറവയും ഉറവിടവും’ ‘കുറയാതെ കാക്കുന്നവൾ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിച്ചു. കുടുംബകൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനത്തിലും പങ്കെടുത്താണ് മടങ്ങിയത്.