നസ്രാണി സഭാ ചരിത്രത്തില്‍ നിർണ്ണായക നേതൃസ്ഥാനം വഹിച്ചിരുന്ന, മാര്‍ത്തോമ്മാ നസ്രാണിസഭയുടെ ഈറ്റില്ലമായ കുറവിലങ്ങാട്, സഭാതനയരെ ഒന്നാകെ വീണ്ടും തറവാട്ടിലേക്ക് ക്ഷണിക്കുകയാണ്. വിശ്വാസപാരമ്പര്യവും ജന്മവും കര്‍മ്മവും വഴി കുറവിലങ്ങാടിനോട് ഇഴചേര്‍ന്നിരിക്കുന്നവരുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് 2019 സെപ്റ്റംബര്‍ ഒന്നിന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദൈവാലയം ആതിഥ്യമരുളും.
ഈ മഹാസംഗമത്തിന്റെ വിളംബരകൂട്ടായ്മകൾ പൂർത്തീകരിച്ച് കുറവിലങ്ങാട് ഇടവക പുതുവത്സരത്തിലേക്ക് പ്രവേശിച്ചു. നാല് സോണുകളിലായുള്ള 81 കുടുംബകൂട്ടായ്മകൾ കേന്ദ്രീകരിച്ച് നസ്രാണി മഹാസംഗമ വിളംബര കൂട്ടായ്മകൾ വർഷാവസാനത്തോടെ പൂർത്തീകരിച്ചു. പ്രാർത്ഥനയും സ്നേഹവിരുന്നും കലാപരിപാടികളും സംഘടിപ്പിച്ചാണ് അയൽബന്ധങ്ങൾ ദൃഢമാക്കിയ വിളംബരകൂട്ടായ്മകൾ നടത്തിയത്.
2019 സെപ്റ്റംബർ 1 നു ചരിത്രത്തിലാദ്യമായി നസ്രാണി മഹാസംഗമ കൂട്ടായ്മ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ സീറോമലങ്കര, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മ, ശൂറായ, തൊഴിയൂർ സഭാനേതാക്കന്മാർ സംഗമത്തിൽ പങ്കെടുക്കും.
സംഗമത്തിന്റെ ഭാഗമായി അന്താരാഷ്ട്ര മരിയൻ സെമിനാറും, മുന്നോടിയായി മരിയൻ കൺവൻഷനും നടക്കും. സംഗമത്തിന്റെ ഔദ്യോഗിക രജിസ്ട്രേഷൻ ജനുവരി 13 ന് കാനഡയിലെ മിസിസാഗ രൂപതയുടെ നിയുക്തമെത്രാൻ മാർ ജോസ് കല്ലുവേലിൽ നിർവഹിക്കും. പള്ളിയിലെ ഓഫീസിൽ നേരിട്ടും ഓൺലൈൻ വഴിയും രജിസ്ട്രേഷനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാസാദ്യവെള്ളിയാഴ്ചകളിൽ പ്രത്യേക കൗണ്ടറും രജിസ്ട്രേഷനായി ഒരുക്കുന്നുണ്ട്. മൂന്നുനോമ്പ്, പത്താംതീയതി, ദേശത്തിരുനാളുകളിൽ രജിസ്ട്രേഷനായി വിപുലമായ ക്രമീകരണങ്ങളുണ്ടാകും.
വിവാഹംവഴി മറ്റ് ഇടവകകളിലേക്ക് താമസം മാറിയവരും, കുറവിലങ്ങാടിനോടു ചേർന്നുനിൽക്കുന്ന മാർത്തോമ നസ്രാണി പാരമ്പര്യമുള്ള വിവിധ കുടുംബയോഗങ്ങളുടെ പ്രതിനിധികളും സംഗമത്തിനെത്തും. പതിനായിരം പേർ പങ്കെടുക്കുന്ന സംഗമം പ്രാതിനിധ്യസ്വാഭാവത്തോടെ ക്രമീകരിക്കാൻ ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തിൽ സഹവികാരി ഫാ. തോമസ് കുറ്റിക്കാട്ട് ജനറല്‍ കണ്‍വീനറായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. രജിസ്ട്രേഷനും വിവരങ്ങൾക്കും 04822-230224 എന്ന നമ്പരിലോ www.kuravilangadpally. com എന്ന വെബ് സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.