കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം ആതിഥ്യമരുളുന്ന മൂന്നാമത് അഭിഷേകാഗ്നി കണ്വന്ഷന് 25ന് ശനിയാഴ്ച തുടക്കമാകും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്വന്ഷന് 29ന് ബുധനാഴ്ച സമാപിക്കും.
എല്ലാദിവസങ്ങളിലും വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാനയോടെയാണ് കണ്വന്ഷന് ആരംഭിക്കുന്നത്. പ്രളയക്കെടുതിയില്‍ ആയിരങ്ങള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ കൂറ്റന്‍ പന്തല്‍ ഒഴിവാക്കി പള്ളിയിലാണ് കണ്വന്ഷന്. പാരിഷ്ഹാളില്‍ എല്‍ഇഡി വാളുകള്‍ ഒരുക്കി കൂടതല്‍ ആളുകൾക്ക് കൺവെഷനിൽ പങ്കെടുക്കാൻ അവസരം നല്‍കും.
ശനിയാഴ്ച വൈകുന്നേരം നാലിന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് ജപമാലപ്രദക്ഷിണം. 5.45ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പങ്കെടുക്കും.
ഞായറാഴ്ച രാമപുരം ഫൊറോന വികാരി റവ.ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍,
തിങ്കളാഴ്ച തലയോലപറമ്പ് വികാരി ഫാ. ജോണ്‍ പുതുവ,
ചൊവ്വാഴ്ച പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍,
ബുധനാഴ്ച അതിരമ്പുഴ ഫൊറോന വികാരി ഫാ. സിറിയക് കോട്ടയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
കണ്‍വന്‍ഷനുശേഷം വൈക്കം, പാലാ ഭാഗത്തേക്ക് പ്രത്യേക ബസ് സര്‍വീസ് ഒരുക്കിയിട്ടുണ്ട്.
കണ്‍വന്‍ഷന്റെ ഭാഗമായുള്ള ഒരുക്കധ്യാനം ഇന്ന് 8.30 മുതല്‍ മൂന്നുവരെ പള്ളിയില്‍ നടന്നു. കണ്വന്ഷന് വിജയത്തിനായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വോളണ്ടിയര്‍മാരും ധ്യാനത്തിൽ പങ്കെടുത്തു.