നവീകരിച്ച കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന ദേവാലയത്തിന്റെ വെഞ്ചരിപ്പ്കർമ്മം സീറോമലബാര്‍ സഭ മേലധ്യക്ഷൻ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് നാളെ രാവിലെ 10.30ന് നിർവഹിക്കും. അതോടൊപ്പം ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും സഭാ മേലധ്യക്ഷൻ നിർവഹിക്കും.
തുടർന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ് ബ്രിട്ടണ്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാർ ജേക്കബ് മുരിക്കൻ, രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, കുറവിലങ്ങാട് ഇടവകയിലെ മുന്‍ വികാരിമാരുടെ പ്രതിനിധിയായി ഫാ. ജോര്‍ജ് മുളങ്ങാട്ടില്‍, ഇടവകയില്‍ നിന്നുള്ള വൈദികരുടെ പ്രതിനിധി ഫാ. ജോസ് കോട്ടയില്‍ തുടങ്ങിയവർ സഹകാര്‍മ്മികരായി ദിവ്യബലി അർപ്പിക്കും.
ഇറാഖിൽനിന്നെത്തിയ കൽദായ കത്തോലിക്കാ സഭയുടെ പാത്രിയർക്കീസ് മാർ ലൂയീസ് റാഫേൽ സാക്കോ, കിർക്കുക് ആർച്ച്ബിഷപ് മാർ യൂസിഫ് തോമസ് തുടങ്ങിയ വിശിഷ്ട വ്യക്തികളും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കുറവിലങ്ങാട് ഇടവകയെ / സിറോ മലബാർ സഭയെ സംബന്ധിക്കുന്ന സുപ്രധാനമായ ചില പ്രഖ്യാപനങ്ങൾ നാളെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…..