ആയിരക്കണക്കിനു വിശ്വാസികളുടെ പ്രാർത്ഥനാ നിർഭരമായ സാന്നിധ്യത്തിൽ കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പള്ളിയിൽ കാരുണ്യവർഷത്തിനു സമാപനം. കാരുണ്യവർഷത്തിനു മാത്രമെ സമാപനമുള്ളൂവെന്നും കാരുണ്യം തുടരുമെന്നുമുള്ള ഉറപ്പോടെയാണ് ഇന്നലത്തെ സമാപനം.ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്ത ദിവ്യകാരുണ്യ പ്രദക്ഷിണമാണു സമാപനദിനത്തെ ധന്യമാക്കിയത്. കാരുണ്യ വർഷ സമാപനത്തോടനുബന്ധിച്ചുനടന്ന ദിവ്യകാരുണ്യ പ്രദക്ഷിനത്തിന്റെ സമാപന ആശീർവാദവും കരുണയുടെ കവാടമടക്കൽ ശുശ്രൂഷയും പാലാ രുപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ. ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. ബിഷപ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, വികാരി റവ.ഡോ.ജോസഫ് തടത്തിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. 342 ദിനങ്ങളിലായി 8208 മണിക്കൂറുകൾ തുടർച്ചയായ പ്രാർത്ഥന നടത്തിയാണു കാരുണ്യ വർഷത്തിൽ കുറവിലങ്ങാട് ഇടവക വേറിട്ട ചരിത്രം കുറിച്ചത്.
മേഖലയിലെ വൈദികരുടെ കാർമികത്വത്തിൽ നടത്തിയ കുർബാനയ്ക്കു മുട്ടുചിറ ഫൊറോന വികാരി ഫാ.ജോസഫ് ഇടത്തുംപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. ഇലഞ്ഞി ഫൊറോന വികാരി ഫാ.ജോസഫ് കോട്ടയിൽ സന്ദേശം നൽകി. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ജൂബിലി സമാപന പ്രാർത്ഥന നടത്തി.
കാരുണ്യവർഷത്തിന്റെ ഓർമയ്ക്കായി മർത്തമറിയം ഫൊറോനാ പള്ളിയുടെ മുഖവാരത്തിൽ സ്ഥാപിച്ച സ്ഫടിക ചിത്രങ്ങളുടെ അനാച്ഛാദനം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. വീട് നിർമാണത്തിനായി സ്ഥലം നൽകിയ 11 പേരെ ചടങ്ങിൽ ആദരിച്ചു.