ഷനുജ സജിയെ അനുമോദിച്ചു

Spread the love

കുറവിലങ്ങാട് സ്വദേശിനി ഷനുജ സജി പ്രതിഫലേഛ കൂടാതെ, മാധ്യമശ്രദ്ധയിൽപ്പെടാതെ വൃക്ക ദാനം ചെയ്ത് കാരുണ്യ പ്രവർത്തി ചെയ്തു. KCYM കുറവിലങ്ങാട് മേഖലയുടെ ആഭിമുഖ്യത്തിൽ അഡ്വ.മോൻസ് ജോസഫ് MLA പൊന്നാട അണിയിച്ചു .

അനുമോദനച്ചടങ്ങിൽ ചടങ്ങിൽ പ്രസിഡന്റ് ബിബിൻ ബെന്നി ചാമക്കാല അധ്യക്ഷത വഹിച്ചു. മര്‍ത്ത മറിയം ഫൊറോനാ വികാരി റവ.ഡോ . ജോസഫ് തടത്തില്‍, ഡയറക്ടര്‍ ഫാ. മാത്യു വെങ്ങാലൂര്‍, പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യന്‍, മേഖല സെക്രട്ടറി ടാന്‍സണ്‍ പൈനാപ്പിള്ളില്‍, റിന്റു ചെറ്റപ്പുറത്ത്, അഞ്ചു മണിമല തുടങ്ങിയവർ അനുമോദനപ്രസംഗം നടത്തി.

വാടകവീട്ടിലെ ദുരിതങ്ങളും പറക്കമുറ്റാത്ത മൂന്നുമക്കളും സാമ്പത്തിക പരാധീനതയും ഈ വീട്ടമ്മയുടെ നിശ്ചയദാർഢ്യത്തെ തളർത്തിയില്ല. കൂട്ടുകാരിയുടെ ഭർത്താവ് ജീവിതത്തിനായി കേഴുന്നത് കണ്ടപ്പോൾ എല്ലാംമറന്ന് തന്‍റെ വൃക്കകളിലൊന്ന് നൽകി മാതൃകയായി ഈ വീട്ടമ്മ. പേരും പെരുമയും ആഗ്രഹിക്കാതെ നടത്തിയ കർമ്മമായതിനാൽ അധികമാരും ഈ മഹാദാനം അറിഞ്ഞതുമില്ല. കുറവിലങ്ങാട് മർത്ത്മറിയം ഇടവകയിലെ കുടുംബകൂട്ടായ്മയിലൂടെ പുറംലോകം അറിഞ്ഞപ്പോഴാണ് ഈ മഹാദാനത്തെ ഇടവകയും കെസിവൈഎം മേഖലയും,
യൂണിറ്റും പ്രശംസകളുമായി ഷനുജയെ പ്രശസ്തയാക്കിയത്.

കുറവിലങ്ങാട് പള്ളിയമ്പ് കണ്ണംകുഴപാറത്തൊട്ടിപറമ്പിൽ സജിയുടെ ഭാര്യ ഷനുജ (34)യാണ് വൃക്ക ദാനത്തിലൂടെ അവയവദാനത്തിന്‍റെ സന്ദേശം സമൂഹത്തിന് കൈമാറിയത്. ഷനുജയുടെ മഹാമനസ്കതയിൽ ജീവിതത്തിന്‍റെ രണ്ടാംഭാഗമെന്നോണം സന്തോഷമെത്തിയത് കൊല്ലം ചാത്തന്നൂർ മായാ നിവാസിൽ ദിലീപ് കുമാർ (44) ആണ്. കുറവിലങ്ങാട്ടെ പാരാമെഡിക്കൽ സ്ഥാപനത്തിലെ പഠനത്തിന് ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ സേവനം ചെയ്യുന്നതിനിടയിൽ സൗഹൃദത്തിലായ ബീനയുടെ ഭർത്താവാണ് ദിലീപ്. ബീനയുടെ പതിവ് ഫോണ്‍വിളിയിൽ നിന്നാണ് ദീലിപിന്‍റെ രോഗവിവരം ഷനുജയറിഞ്ഞത്. ദിലീപ് കുമാറിന്‍റെ രണ്ട് വൃക്കകളും തകരാറിലായതായും അടിയന്തര ശസ്ത്രക്രിയയിലൂടെ വൃക്ക മാറ്റിവയ്ക്കണമെന്നും ബീന അറിയിച്ചു. പ്രമേഹമുള്ള ബീനയുടെയും കുടുംബാഗങ്ങളുടെയും വൃക്ക ദിലീപിന് ചേരാതെവന്നതോടെ ഷനുജ വൃക്ക നൽകാൻ തയാറാവുകയായിരുന്നു.

കഴിഞ്ഞ മാർച്ച് രണ്ടിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അവയവദാനം. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത ഷനുജയുടെ മഹാദാനം അധികമാരും അറിഞ്ഞില്ല. അവയവദാനത്തിലൂടെ മാതൃകയായ പാലാ രൂപത സഹായമെത്രാൻ ബിഷപ് മാർ ജേക്കബ് മുരിക്കനെയും ഇടവക വികാരി റവ.ഡോ. ജോസഫ് തടത്തിലിനോടും മാത്രമാണ് ഷനുജ അവയവദാനത്തിന് അനുമതി തേടിയത്. കുടുംബം പോറ്റാനായി സൗദിയിലേക്ക് ചേക്കേറിയ ഭർത്താവ് സജി, ഷനുജയുടെ തീരുമാനത്തിന് പച്ചക്കൊടി കാട്ടിയതോടെ പരിശോധനകളും സമ്മതപത്രസമർപ്പണവുമെല്ലാം നടന്നു.

മൂന്ന് മക്കളടങ്ങിയ കുടുംബത്തിന്‍റെ ദൈനംദിന ജീവിതചെലവുകൾക്കും വീടിന്‍റെ വാടക നൽകാനും മാത്രമെ സജിയുടെ വരുമാനം തികയുള്ളൂവെന്നതിനാൽ തയ്യലിലൂടെ ലഭിക്കുന്ന ഷനുജയുടെ ചെറിയ വരുമാനത്തിന്‍റെ ആവശ്യകത പലരും ചൂണ്ടിക്കാട്ടി. പതിനഞ്ചും പത്തും ഒന്നരയും വയസുള്ള മൂന്ന് മക്കളുടെ പരിചരണം ചൂണ്ടിക്കാട്ടിയും ചിലർ നിരുത്സാഹപ്പെടുത്തിയെങ്കിലും ഷനുജ തീരുമാനത്തിൽ ഉറച്ചുനിന്നു.
“അവയവദാനത്തിലൂടെ കടമെല്ലാം വീട്ടിയോ” എന്ന ചോദ്യം മാത്രമാണ് തനിക്ക് വേദന ഉളവാക്കിയതെന്ന് ഷനുജ പറയുന്നു.

ഷനുജയുടെ മഹാമനസ്കതയെ കുറവിലങ്ങാട് മർത്ത്മറിയം ഇടവക സമൂഹവും ആദരിച്ചു. ഇടവക സമൂഹത്തിന്‍റെ സമ്മേളനത്തിൽ ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ ഇടവകയുടെ ഉപഹാരം സമ്മാനിച്ചു.