കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ എട്ടുനോമ്പാചരണത്തിന്റെ സമാപനവും മാതാവിന്റെ ജനനത്തിരുന്നാളും ഇന്ന് ആഘോഷിക്കും..
ഇന്നു രാവിലെ 5.30 നും ഏഴിനും വിശുദ്ധ കുർബാന. 9.30ന് ആഘോഷമായ തിരുനാൾ കുർബാന. ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകും. 11.30ന് ജപമാലപ്രദക്ഷിണം. 12.30ന് സ്നേഹവിരുന്ന്.
ജനനത്തിരുനാളിന്റെ ഭാഗമായി ഇന്ന് പതിനൊന്നുമണിക്ക് മേരിനാമധാരി സംഗമം നടക്കും. രാജ്യത്തുതന്നെ ഏറ്റവും കുടൂതൽ മേരിമാർ ഒരുമിക്കുന്നുവെന്നതിലൂടെ കുറവിലങ്ങാട്ടെ മേരിനാമധാരി സംഗമം ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. മറിയം, അമല, മേരി, നിർമ്മല, വിമല, മരിയ തുടങ്ങി ദൈവമാതാവിന്റെ നാമം സ്വീകരിച്ചവരാണ് സംഗമത്തിലെത്തുന്നത്. ക്രൈസ്തവ പാരമ്പര്യത്തിൽ മാമ്മോദിസാപ്പേരായി മാതാവിന്റെ പേര് സ്വീകരിച്ചവരും ദൈവമാതാവിനോടുള്ള നന്ദിസൂചകമായി മാതാവിന്റെ സ്വീകരിച്ചവരുമാണ് സംഗമത്തിനെത്തുന്നവരിലേറെയും.
മേരിനാമധാരി സംഗമത്തിനെത്തുന്നവരെല്ലാം 21 കള്ളപ്പം വീതം മാതാവിന്റെ സന്നിധിയിൽ സമർപ്പിക്കുകയും ഇത് നോമ്പ് വീടൽ സദ്യയ്ക്ക് വിളമ്പി നൽകുകയും ചെയ്യുന്നത് ഇവിടുത്തെ പതിവാണ്. മേരീനാമധാരികൾക്കായി പ്രത്യേക പ്രാർത്ഥന നടത്തുകയും ഉപഹാരം നൽകുകയും ചെയ്യും.
178 മണിക്കൂറുകൾ പിന്നിടുന്ന അഖണ്ഡ പ്രാർഥന ഇന്ന് സമാപിക്കും.