എട്ടുനോമ്പിന്റെ ആറാംദിനത്തോടനുബന്ധിച്ച് ഇന്നലെ കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ കുടുംബകൂട്ടായ്മ ദിനാചരണം നടത്തി. ഇടവകയിലെ 3096 കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന 81 കൂട്ടായ്മകളുടെ ഭാരവാഹികളാണ് സമ്മേളിച്ചത്. ഓരോ കൂട്ടായ്മകളുടേയും ഭാരവാഹികള്‍ ഇടവകയിലെ നാല് സോണുകള്‍ കേന്ദ്രീകരിച്ച് റാലിയായാണ് മുത്തിയമ്മയ്ക്കരുകിലെത്തിയത്. മാര്‍ത്തോമ്മാ നസ്രാണിഭവനില് നടന്ന സമ്മേളനത്തില്‍ ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ സന്ദേശം നല്കി. സീനിയര്‍ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, കുടുംബകൂട്ടായ്മ ഡയറക്ടര്‍ ഫാ. ജോസഫ് കുന്നയ്ക്കാട്ട്, സഹവികാരിമാരായ ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. മാത്യു പിണക്കാട്ട്, ഫാ. മാത്യു വെങ്ങാലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രത്യേക പ്രാർത്ഥനാശുശ്രൂഷകള്‍ക്ക് സഹവികാരി ഫാ. മാത്യു വെങ്ങാലൂര്‍ കാര്‍മികത്വം വഹിച്ചു. ആറാം ദിനത്തില്‍ തലയോലപറമ്പ് സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോണ്‍ പുതുവ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കി.
എട്ടുനോമ്പിന്റെ ആറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഇടവകയില്‍ ആരംഭിച്ച അഖണ്ഡപ്രാര്‍ഥന 120 മണിക്കൂര്‍ പിന്നിട്ടു.
ഇന്ന് സമർപ്പണദിനമാണ്. രാവിലെ 7.00ന് സെപ്ഷ്യൽ കണ്‍ഫെസർ ഫാ. അലക്സാണ്ടർ മൂലക്കുന്നേൽ വിശുദ്ധ കുർബാനയർപ്പിക്കും. വൈകുന്നേരം 4.30ന് ഭക്തജനങ്ങളെ മുത്തിയമ്മയ്ക്ക് സമർപ്പിച്ച് പ്രാർത്ഥിക്കും. 5.00ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. സിറിയക് കോട്ടയിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
മർത്ത്മറിയം ഫൊറോന പള്ളിയിൽ നാളെയാണ് എട്ടുനോമ്പാചരണത്തിന്റെ സമാപനവും മാതാവിന്റെ ജനനത്തിരുന്നാളും. മാതാവിന്റെ ജനനത്തിരുനാൾ ദിനമായ നാളെ രാവിലെ 9.30ന് ആഘോഷമായ തിരുനാൾ കുർബാന. ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകും. 11.30ന് ജപമാലപ്രദക്ഷിണം. 12.30ന് സ്നേഹവിരുന്ന്.
ജനനത്തിരുനാളിന്റെ ഭാഗമായി നാളെ മേരിനാമധാരി സംഗമം നടക്കും. രാജ്യത്തുതന്നെ ഏറ്റവും കുടൂതൽ മേരിമാർ ഒരുമിക്കുന്നുവെന്നതിലൂടെ കുറവിലങ്ങാട്ടെ മേരിനാമധാരി സംഗമം ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. നാളെ 11നാണ് മേരിനാമധാരി സംഗമം. മറിയം, അമല, മേരി, നിർമ്മല, വിമല, മരിയ തുടങ്ങി ദൈവമാതാവിന്റെ നാമം സ്വീകരിച്ചവരാണ് സംഗമത്തിലെത്തുന്നത്. ക്രൈസ്തവ പാരമ്പര്യത്തിൽ മാമ്മോദിസാപ്പേരായി മാതാവിന്റെ പേര് സ്വീകരിച്ചവരും ദൈവമാതാവിനോടുള്ള നന്ദിസൂചകമായി മാതാവിന്റെ സ്വീകരിച്ചവരുമാണ് സംഗമത്തിനെത്തുന്നവരിലേറെയും.
മേരിനാമധാരി സംഗമത്തിനെത്തുന്നവരെല്ലാം 21 കള്ളപ്പം വീതം മാതാവിന്റെ സന്നിധിയിൽ സമർപ്പിക്കുകയും ഇത് നോമ്പ് വീടൽ സദ്യയ്ക്ക് വിളമ്പി നൽകുകയും ചെയ്യുന്നത് ഇവിടുത്തെ പതിവാണ്. മേരീനാമധാരികൾക്കായി പ്രത്യേക പ്രാർത്ഥന നടത്തുകയും ഉപഹാരം നൽകുകയും ചെയ്യും