കുറവിലങ്ങാട്ട് നടന്ന അഭിഷേകാഗ്നി കൺവൻഷനിൽ അട്ടപ്പാടി സെഹിയോൻ മിനിസ്ട്രി ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലിന് കുറവിലങ്ങാട് ഇടവക ഉപഹാരമായി സമ്മാനിച്ച മുത്തിയമ്മയുടെ തിരുസ്വരൂപം അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചു. കുറവിലങ്ങാട് ഇടവകയിൽ നിന്നെത്തിയ ആയിരത്തോളം ഇടവകക്കാർക്കൊപ്പം വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കായ വിശ്വാസികളുടേയും സ്തോത്രഗീതങ്ങൾക്കിടയിലാണ് തിരുസ്വരൂപം ആശീർവദിച്ച് പ്രതിഷ്ഠിച്ചത്.
രാവിലെ 4.30നു മർത്ത്മറിയം ഫൊറോന പള്ളിയിൽ വികാരി റവ. ഡോ. ജോസഫ് തടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയെത്തുടർന്നാണു തിരുസ്വരൂപപ്രയാണം ആരംഭിച്ചത്. സഹവികാരിമാരായ ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു പിണക്കാട്ട് എന്നിവർ സഹകാർമികരായി. പ്രത്യേക പ്രാർത്ഥനാശ്രൂഷകൾക്കു ശേഷം 150 ഓളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് തിരുസ്വരൂപം സെഹിയോൻ ധ്യാനകേന്ദ്രത്തിലെത്തിച്ചത്.
മരിയഗീതങ്ങളും ജപമാലയുമായി പ്രാർത്ഥനാമുഖരിതമായ അന്തരീക്ഷത്തിലായിരുന്നു 225 കിലോമീറ്ററിലേറെയുള്ള പ്രയാണം. സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ആയിരക്കണക്കായ വിശ്വാസികൾ ജപമാല അർപ്പണവുമായി തിരുസ്വരൂപത്തെ വരവേറ്റു. കുറവിലങ്ങാട് മുത്തിയമ്മയ്ക്കു സ്വാഗതം എന്ന് എഴുതിയ കമാനങ്ങളും ബഹുവർണ ചിത്രങ്ങളും ഒരുക്കിയായിരുന്നു ക്രമീകരണം. ഫാ. സാംസണിന്റെ കാർമികത്വത്തിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും ആരാധനയും നടന്നു.
പത്ത് അടിയോളം ഉയരമുള്ള രൂപമാണ് ധ്യാനകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചത്. കുറവിലങ്ങാട് പള്ളിയിലെ തെക്കേ സങ്കീർത്തിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മുത്തിയമ്മയുടെ ഒറ്റക്കല്ല് രൂപത്തിന്റെ പകർപ്പാണ് ധ്യാനകേന്ദ്രത്തിൽ പ്രതിഷ്ഠിച്ചത്