കരുണയുടെ ജൂബിലി വർഷാചരണത്തിന് സമാപനമാകുന്നു

Spread the love

2015 ഡിസംബർ 13ന് തുറന്ന കരുണയുടെ കവാടം അടയ്ക്കാതെ 2016 നവംബർ 20 ഞായറാഴ്ച വരെ 342 ദിനരാത്രങ്ങൾ രാപകൽ ഭേദമില്ലാതെ നടത്തുന്ന അഖണ്ഡപ്രാർത്ഥനയിലൂടെ ലോകശ്രദ്ധ നേടിയ കുറവിലങ്ങാട് പള്ളിയിലെ കരുണയുടെ ജൂബിലി വർഷാചരണത്തിന് സമാപനമാകുന്നു.

കുറവിലങ്ങാട്, ഇലഞ്ഞി, മുട്ടുചിറ, കോതനല്ലൂർ ഫൊറോനകൾ ഉൾക്കൊള്ളുന്ന കുറവിലങ്ങാട് റീജിയന്റെ നേതൃത്വത്തിൽ 20ന് കരുണയുടെ ജൂബിലിക്കു സമാപനമാകുമെന്ന് ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ അറിയിച്ചു.

വൈകുന്നേരം 5 .00 ന് റീജിയണിലെ വൈദികരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന മുട്ടുചിറ ഫൊറോന വികാരി ഫാ. ജോസഫ് ഇടത്തുംപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. ഇലഞ്ഞി ഫൊറോന വികാരി ഫാ. ജോസഫ് കോട്ടയിൽ സന്ദേശം നൽകും. 6.30ന് ദേവാലയം ചുറ്റി ദിവ്യകാരുണ്യപ്രദക്ഷിണം. തുടർന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ജൂബിലി സമാപന പ്രാർഥന നടത്തും. സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറമ്പിൽ എന്നിവർ പങ്കെടുക്കും.

ഒരു ദിനം 50,000 രൂപയെന്ന ക്രമത്തിൽ നിർധനരായ നാനാജാതി മതസ്‌ഥർക്ക് വീട് നിർമാണത്തിനായി 1.71 കോടി രൂപയുടെ പദ്ധതി, ഇടവകാംഗങ്ങളായ 200 കുടുംബങ്ങൾക്ക് വീടിന്റെ അറ്റകുറ്റപണികൾക്കായി 20,000 രൂപ വീതം 40 ലക്ഷം രൂപയുടെ പദ്ധതി, ഭൂരഹിതരായ 18 കുടുംബങ്ങൾക്കായി ഇടവകാംഗങ്ങൾ നടത്തിയ ഭൂമിദാനം, പള്ളിക്കെട്ടിടത്തിലെ ചെറുകിട വ്യാപാരികൾക്ക് വാടകയിൽ ഇളവ് എന്നിങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങൾ കരുണയുടെ വർഷത്തിൽ ഇടവക ഏറ്റെടുത്തു. രോഗികൾക്കായി അമ്മ കാരുണ്യം എന്ന പേരിലും വിദ്യാർത്ഥികൾക്കായി വിദ്യാകാരുണ്യം എന്ന പേരിലും നിശ്ചിത തുക നിക്ഷേപിച്ച് പലിശ ഉപയോഗിച്ച് സഹായം നൽകുന്ന പദ്ധതിയും ആരംഭിച്ചിരുന്നു.

സമാപനത്തിന്റെ ഭാഗമായി ഞായറാഴ്ച രണ്ടിന് ദേവമാതാ കോളജിൽ 30 വയസിൽ താഴെയുള്ള യുവജനങ്ങൾക്കായും 2.30ന് പാരിഷ്ഹാളിൽ 50 വയസിൽ താഴെയുള്ള ദമ്പതികൾക്കായും സെമിനാർ നടക്കും. യുവജനങ്ങൾക്കുള്ള സെമിനാർ ചലച്ചിത്രനടനും ഫിലിം ഡയറക്ടറുമായ സിജോയി വർഗീസും ദമ്പതികളുടെ സെമിനാർ കെസിബിസി ദൈവശാസ്ത്ര കമ്മീഷൻ സെക്രട്ടറി റവ.ഡോ. ജോസഫ് പാംപ്ലാനിയും നയിക്കും.

7.30ന് സമാപന സമ്മേളനം. സമ്മേളനത്തിൽ കാരുണ്യഭവനത്തിനു സ്‌ഥലം നൽകിയവരെ ആദരിക്കൽ, കാരുണ്യജൂബിലി ദേശീയ ക്വിസ് സമ്മാനദാനം, ദേവാലയമുഖവാരത്തിലെ സ്ഫടിക ചിത്രങ്ങളുടെ അനാവരണം എന്നിവയും നടക്കും.