കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ 2018 ജനുവരി 22. 23, 24 തീയതികളിൽ നടക്കുന്ന മൂന്നുനോമ്പ് തിരുനാളിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ഈ മാസം 23നു ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.30നു മർത്ത്മറിയം ഫൊറോന പള്ളി യോഗശാലയിൽ ചേരുമെന്നു പാലാ ആർഡിഒ അറിയിച്ചു. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. തിരുനാളിനെത്തുന്ന ലക്ഷക്കണക്കായ തീർത്ഥാടകർക്കായി വിവിധ സർക്കാർ വകുപ്പുകൾ ഒരുക്കേണ്ട ക്രമീകരണങ്ങൾ ചർച്ചചെയ്യുന്നതിനും തീരുമാനിക്കുന്നതിനുമായാണു യോഗം ചേരുന്നത്.
പോലീസ്, കെഎസ്ആർടിസി, വൈദ്യുതി, പൊതുമരാമത്ത്, കെഎസ്ടിപി, ഫയർഫോഴ്സ്, എക്സൈസ്, തൊഴിൽ, ആരോഗ്യം, റവന്യൂ, മൃഗസംരക്ഷണം വകുപ്പുകളിലെ ഉദ്യോഗസ്ഥരാണു പ്രധാനമായും പങ്കെടുക്കുന്നത്. ആദ്യയോഗത്തിൽ ആവശ്യമായ ക്രമീകരണങ്ങൾക്കു തീരുമാനമെടുക്കുകയും പിന്നീട് അവലോകനയോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും.
റവന്യൂ വകുപ്പിന്റെ പ്രത്യേക കണ്ട്രോൾ റൂം, പോലീസിന്റെ പ്രത്യേക കണ്ട്രോൾ റൂം, കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ എന്നിവ തിരുനാളിന്റെ ഭാഗമായി ഒരുക്കാറുണ്ട്. ഗ്രാമീണറോഡുകളടക്കം പൊതുമരാമത്ത് യാത്രായോഗ്യമാക്കുകയും സാനിട്ടറി സൗകര്യങ്ങൾ കുറ്റമറ്റതാക്കുകയും തെരുവുവിളക്കുകൾ പൂർണ്ണമായി പ്രകാശിപ്പിക്കാൻ വൈദ്യുതി വകുപ്പ് നടപടി സ്വീകരിക്കുന്നതും പതിവാണ്.
ഉദ്യോഗസ്ഥതലത്തിലുള്ള ക്രമീകരണങ്ങൾക്കൊപ്പം വികാരി റവ. ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ. മാത്യു വെങ്ങാലൂർ, സെപ്ഷൽ കണ്ഫെസർ ഫാ. അലക്സാണ്ടർ മൂലക്കുന്നേൽ എന്നിവരുടേയും യോഗപ്രതിനിധികളുടെയും നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പള്ളിയിൽ പ്രവർത്തിച്ചുവരുന്നുണ്ട്.