ആഗോള മരിയൻ തീർഥാടന കേന്ദ്രമായ കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ദേവാലയം മാർ തോമാ നസ്രാണി സഭയുടെ മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ പിൽഗ്രിം സെന്റർ ആൻഡ് ആർച്ച് ഡീക്കൻസ് പള്ളി ആയി. ഇനി മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച്ച് ഡീക്കൻ തീർഥാടന കേന്ദ്രമായി അറിയപ്പെടും. ജനുവരി എട്ട് മുതൽ 13 വരെ കൂടിയ സീറോ മലബാർ സിനഡിന്റെ ശിപാർശ പ്രകാരമാണ് കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ദേവാലയത്തിന് ഈ പദവി ലഭിച്ചിരിക്കുന്നത്. നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പിനോട് അനുബന്ധിച്ച് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് വിശുദ്ധ കുർബാനമധ്യേ പ്രഖ്യാപനം നടത്തിയത്. ഇനി നസ്രാണി സഭയുടെ മുഴുവൻ പള്ളിയായിരിക്കും ഇത്…
മാർത്തോമ്മാ മക്കളുടെ ജറുസലേമാണ് കുറവിലങ്ങാടെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സിനഡിന്റെ തീരുമാനപ്രകാരം പ്രഖ്യാപനത്തിന്റെ കോപ്പി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന് സമർപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ, മാർ ജോസഫ് പള്ളിക്കാപ്പറന്പിൽ, രൂപതാ വികാരി ജനറാൾമാർ, ഫൊറോന വികാരി ഫാ. ജോസഫ് തടത്തിൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം നടത്തിയത്. ദിവ്യബലിക്കുശേഷം ദേവാലയത്തിലെ മൂന്ന് നോമ്പ്തി രുനാളിനും കർദിനാൾ കൊടിയേറ്റി.
ആലഞ്ചേരി പിതാവിന്റെ കല്പന ഇങ്ങനെ തുടങ്ങുന്നു….
ദൈവകൃപയാലും,പരിശുദ്ധ ദൈവമാതാവിന്റെ പ്രാർത്ഥനായാലും, മാർത്തോമാ ശ്ലീഹായുടെ സഭയെ ഭാഗ്യത്തോടെ പാലിക്കുന്ന മലബാർസുറിയാനി കത്തോലിക്കാ മെത്രാൻ സുന്നഹദോസിന്റെ മനോഗുണത്താലും, നി. വ. ദി. ശ്രീ. ആലഞ്ചേരിൽ മാർ ഗീവർഗീസ് വലിയമെത്രാപ്പോലീത്തായുടെ കല്പനയാലും, കുറവിലങ്ങാട് മാർത്ത് മറിയം ആർക്കാദിയോക്കൻ വലിയപള്ളിക്ക് “മേജർ ആർച്എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രം” പദവി നൽകി, മിശിഹാകാലം 2018 ആം ആണ്ട് ദനഹാ മൂന്നാംഞായർ അതേ പള്ളിയിൽ ഭദ്രാസനമെത്രാൻ കല്ലറങ്ങാട്ട് യൗസേഫ് മെത്രാനാൽ വായിച്ച് അംഗീകരിച്ചു നൽകപ്പെട്ടു…
ദൈവകൃപയാല്‍ അനുഗ്രഹീതമായ തിരുകുറവിലങ്ങാട് പട്ടണത്തില്‍ ശുദ്ധമാന ദൈവമാതാവിന്റെ നാമത്തില്‍ കാരണവന്മാര് കല്ലിട്ടതും, പിതാക്കന്മാര് കൌറാ ചെയ്യപെട്ടതുമായ വിശുദ്ധ ദൈവാലയം…
മേജർ ആർക്കി എപ്പിസ്കോപ്പൽ പ്രഖ്യാപന വാർത്ത ഹർഷാരവത്തോടെയാണ് ഇടവകസമൂഹം സ്വീകരിച്ചത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രഖ്യാപനം രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന മധ്യേ വായിച്ചപ്പോൾ കുറവിലങ്ങാട് പള്ളിയുടെ വലിയ മണികൾ മുഴങ്ങിക്കൊണ്ടിരുന്നു.
നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിർവഹിക്കാനെത്തിയ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ വികാരി റവ.ഡോ.ജോസഫ് തടത്തിലിന്റെ നേതൃത്വത്തിൽ ഏലയ്ക്കാമാലയണിയിച്ച് സ്വീകരിച്ചു. 81 കുടുംബ കൂട്ടായ്മ ലീഡർമാർ മുത്തുക്കുടകളും കുറവിലങ്ങാട് പതാകകളുമേന്തിയും വെള്ളയും കറുപ്പും നിറഞ്ഞ പ്രത്യേക വേഷംധരിച്ച സണ്‍ഡേ സ്കൂൾ വിദ്യാർഥികൾ മുത്തിയമ്മക്കുടകളുമായും അണി നിരന്നു പുഷ്പവൃഷ്ടിയോടെയാണ് സഭയുടെ വലിയ ഇടയനെ സ്വീകരിച്ചത്. തുടർന്നു നവീകരിച്ച ദേവാലയ കൂദാശയും ദൃശ്യവത്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും നടന്നു. വിശുദ്ധ കുർബാന സമാപനത്തിൽ ദേവാലയ നവീകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവർക്കും വികാരി റവ.ഡോ. ജോസഫ് തടത്തിൽ നന്ദിപ്രകാശനം നടത്തി.
വിശുദ്ധ കുർബാനയെത്തുടർന്ന് കുറവിലങ്ങാടിനു ഭക്തിയുടെ രാപകലുകൾ സമ്മാനിക്കുന്ന മൂന്നുമ്പ് തിരുനാളിനും കൊടിയേറി.
ചടങ്ങുകൾക്ക് വികാരി റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജോസഫ് കുന്നക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ. മാത്യു വെങ്ങാലൂർ, സ്പെഷൽ കണ്‍ഫെസർ ഫാ. അലക്സാണ്ടർ മൂലക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.