കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയ നവീകരണസ്മാരകമായി പാൽവകുപ്പ് പ്രത്യേക തപാൽകവർ പുറത്തിറക്കി. കവറിന്റെ പ്രകാശനം കൊച്ചി റീജണ്‍ പോസ്റ്റ്മാസ്റ്റർ ജനറൽ സുമതി രവിചന്ദ്രൻ നിർവഹിച്ചു. ആദ്യ കോപ്പി ജോസ് കെ. മാണി എംപി ഏറ്റുവാങ്ങി.
സ്പെഷൽ കവറിനൊപ്പം മൈ സ്റ്റാമ്പ് പദ്ധതിയിൽ പുറത്തിറക്കിയ സ്റ്റാമ്പ് കോട്ടയം പോസ്റ്റൽ സീനിയർ സൂപ്രണ്ട് അലക്സിയൻ ജോർജ് പ്രകാശനം ചെയ്തു. മോൻസ് ജോസഫ് എംഎൽഎ ആദ്യ കോപ്പി ഏറ്റുവാങ്ങി.
കുറവിലങ്ങാട് പള്ളിയുടെ ചിത്രവും മുത്തിയമ്മയുടെ ചിത്രവും ഉൾക്കൊള്ളിച്ചുള്ള ബഹുവർണ ചിത്രം കവറിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. പള്ളിയുടെ ചരിത്രവും പ്രാധാന്യവും ഉൾക്കൊള്ളുന്ന വിശദീകരണം കവറിന്റെ മറുവശത്ത് ഹിന്ദിയിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി രേഖപ്പെടുത്തിയിട്ടുണ്ട്.
മാതാവ് കുറവിലങ്ങാട്ട് പ്രത്യക്ഷപ്പെട്ട് പള്ളിസ്ഥാപിക്കുന്നതിനു നിർദേശിക്കുന്ന രംഗമാണ് മൈ സ്റ്റാമ്പ് പദ്ധതിയിലുള്ള സ്റ്റാമ്പിന്റെ വിഷയം. സ്പെഷൽ കവറിലെ സ്റ്റാമ്പ് പള്ളിയുടെ ഔദ്യോഗികമുദ്ര ഉപയോഗിച്ച് കാൻസൽ ചെയ്യാൻ അവസരം ഉണ്ട്.
പള്ളിമുറ്റത്ത് ഇന്നും പ്രവർത്തിക്കുന്ന പ്രത്യേക കൗണ്ടറിൽനിന്ന് തപാൽ കവർ ലഭിക്കും. കുരിശിൻതൊട്ടിയിലുള്ള പ്രത്യേക തപാൽ കൗണ്ടറിൽ സ്പെഷൽ കവർ ലഭ്യമാണ്. നാളെ കവർ വാങ്ങുന്നവർക്ക് പള്ളിയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ച് സ്റ്റാമ്പ് കാൻസൽ ചെയ്ത് സൂക്ഷിക്കുന്നതിനോ മറ്റുള്ളവർക്ക് അയയ്ക്കുന്നതിനോ അവസരമുണ്ടായിരിക്കും.