കുറവിലങ്ങാടിനെ ആകെ ദുഃഖത്തിലാഴ്ത്തി 18 പേരുടെ ജീവനെടുത്ത കൊടൈക്കനാല്‍ ദുരന്തത്തിന് നാളെ 42 വർഷം തികയും. കുറവിലങ്ങാടിന്റെ പ്രിയപ്പെട്ടവരായിരുന്ന 18 പേരെ ബസപകടത്തിന്റെ രൂപത്തിലെത്തി മരണം തട്ടിയെടുത്തത് 1976 മെയ് 8 ന് ആയിരുന്നു.
ഇവർക്കുവേണ്ടിയുള്ള പ്രത്യേക അനുസ്മരണം നാളെ (8 – 5 – 2018 ചൊവ്വാഴ്ച) കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നടക്കും. രാവിലെ 7.30-ന് സമൂഹബലി, സെമിത്തേരിയിൽ ഒപ്പീസ്, പാരീഷ് ഹാളിൽ അനുസ്മരണ സമ്മേളനം,തുടങ്ങിയവയോടെ ആചരിക്കും. മികച്ച സൺഡേ സ്കൂൾ അദ്ധ്യാപകനുള്ള അവാർഡ് ദാനവും സമ്മേളനത്തിൽ നടത്തും.
1976 മേയ് 7 ന് കുറവിലങ്ങാട് പള്ളിയിലെ 43 സൺഡേ സ്കൂൾ അദ്ധ്യാപകരും മൂന്ന് വൈദികരും ഒരു വൈദികവിദ്യാർത്ഥിയും രണ്ട് ബസ് ജീവനക്കാരും ഉൾപ്പെട്ട 49 അംഗ സംഘം ആണ് അപകടത്തിൽ പെട്ടത്. സംഘം യാത്ര പുറപ്പെട്ട് തേക്കടി, മധുര മുതലായ സ്ഥലങ്ങൾ സന്ദർശിച്ച് പിറ്റേന്ന് ഉച്ചകഴിഞ്ഞ് കൊടൈക്കനാലെത്തി, അവിടുത്തെ കാഴ്ചകൾ കണ്ട് നാട്ടിലേക്ക് തിരിച്ചു വരുംവഴി ഡംഡം പാറ എന്ന സ്ഥലത്തുവച്ച് ബസ് 600 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെടുകയായിരുന്നു. റോഡരികിലെ മതില് ഇടിച്ചുതകര്‍ത്ത ബസ് തലകുത്തനെ കൊക്കയിലേക്ക് മറിയുകയായിരുന്നു. അഞ്ചരയോടെ അപകടത്തില്‍പ്പെട്ടവരെ റോഡിലെത്തിച്ചപ്പോള്‍ രാത്രി 11 കഴിഞ്ഞിരുന്നു. കിഴുക്കാംതൂക്കായ പാറക്കെട്ടുകള്‍ക്കിടയില്‍ വീണ് എല്ലാവർക്കും ദേഹമാസകലം ഗരുതരമായി പരിക്കേറ്റിരുന്നു.
രണ്ട് വൈദികരും, 16 സൺഡേ സ്കൂൾ അദ്ധ്യാപകരും അപകടത്തിൽ മരിച്ചു. ഫാ. പോള്‍ ആലപ്പാട്ട്, ഫാ. മാത്യു പട്ടരുമഠം, കെ.ഡി. ജോര്‍ജ് കൂനംമാക്കീല്‍, കെ.ഡി. വര്‍ക്കി കൊള്ളിമാക്കിയില്‍, സി.കെ.വര്‍ക്കി ചിറ്റംവേലില്, വി.കെ.ഐസക് വാക്കയില്‍, എം.എം.ജോണ്‍ കൂഴാമ്പാല, എം.എം. ജോസഫ് കൂഴാമ്പാല, കെ.എം.ജേക്കബ് കാരാംവേലില്‍, ടി.എം.ലൂക്കോസ് താന്നിക്കപ്പുഴ, പി.എം.ജോസഫ് പുന്നത്താനത്ത്, ടി.ഒ.മാത്യു തേക്കുങ്കല്‍, സെബാസ്റ്റ്യന്‍ ചിങ്ങംതോട്ട്, കെ.എം. കുര്യന് കരോട്ടെകുന്നേല്‍, കെ.എം.ജോസഫ് കൊച്ചുപുരയ്ക്കല്‍, വര്‍ക്കി മുതുകുളത്തേല്‍, ദേവസ്യ പൊറ്റമ്മേല്‍, ജോസഫ് പുല്ലംകുന്നേല്‍ എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.
അന്ന് പാലാ രൂപതയുടെ സഹായമെത്രാനായിരുന്ന മാർ ജോസഫ് പള്ളിക്കാപ്പറന്പിലിന്റെ നേതൃത്വത്തിൽ ദുരന്തഭൂമിയിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രക്ഷാപ്രവർത്തകർ ബത്തൽഗുണ്ട ആശുപത്രിയിൽ എത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങി നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. പിറ്റേ ദിവസം ഉച്ചകഴിഞ്ഞപ്പോഴേക്കും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. കുറവിലങ്ങാട് പള്ളിയിലെ പുനരുത്ഥാനപൂന്തോട്ടത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് കൊടൈക്കനാലിൽ പൊലിഞ്ഞവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുള്ളത്.