കുറവിലങ്ങാട് നസ്രാണി മഹാസംഗമം പ്രഖ്യാപിച്ചു

Spread the love

കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം തീര്‍ത്ഥാടന ദേവാലയ ഇടവക, കുറവിലങ്ങാട് നസ്രാണി കത്തോലിക്കാ മഹാസംഗമം പ്രഖ്യാപിച്ചു.

2019 സെപ്റ്റംബർ ഒന്നിന് മഹാസംഗമം നടത്താൻ തീരുമാനിച്ചതായി ആർച്ച് പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ അറിയിച്ചു. കുറവിലങ്ങാടുമായി ബന്ധപ്പെട്ട മുഴുവൻ കത്തോലിക്കാ വിശ്വാസികളെയും ഉൾപ്പെടുത്തി സംഗമം നടത്താനാണ് തീരുമാനം.

സവിശേഷതകളേറെയുള്ള ഐതിഹ്യങ്ങളുടെയും പാരമ്പര്യങ്ങളുടെയും ചരിത്രസംഭവങ്ങളുടെയും സംഗമഭൂമിയാണ് കുറവിലങ്ങാട്‌. എ. ഡി 105-ലാണ് ഇവിടുത്തെ ക്രൈസ്തവസമൂഹം ആരംഭിക്കുന്നത്. ഒന്നാം നൂറ്റാണ്ടിൽ മാതാവിന്റെ ദര്‍ശനം ലഭിച്ചതോടെയാണ് കുറവിലങ്ങാട്ട് ഇപ്പോള്‍ സ്ഥിതിചെയ്യുന്ന ദേവാലയം കേന്ദ്രീകരിച്ച് ആരാധനാ സമൂഹം വളർന്നു പന്തലിക്കുന്നത്. പടിപടിയായി നസ്രാണി സമൂഹത്തിന്റെ മൂലക്കല്ലായി കുറവിലങ്ങാട് മാറി. ഇവിടത്തെ നസ്രാണി സമൂഹത്തിൽനിന്ന് ആദ്യകാലങ്ങളിൽ തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിലേക്കും തുടർന്ന് ഹൈറേഞ്ച്, മലബാർ മേഖലകളിലേക്ക് കുടിയേറ്റത്തിന്റെ കുത്തൊഴുക്ക് ഉണ്ടായി. ഇപ്പോൾ ലോകമാസകലം കുറവിലങ്ങാട്ടെ നസ്രാണിസമൂഹം എത്തപ്പെട്ടിരിക്കുന്നു.

കുറവിലങ്ങാട് ഇടവകയിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കുടിയേറിയവരെയും താമസം മാറ്റിയവരെയും സംഗമത്തിലെത്തിക്കും. കുറവിലങ്ങാട്ട് ആരംഭിച്ച വിവിധ കുടുംബങ്ങളുടെ മഹാകുടുംബയോഗങ്ങൾക്കും സംഗമത്തിൽ പങ്കെടുക്കാനാകും. സംഗമത്തിന്റെ ക്രമീകരണങ്ങൾക്കായി വിപുലമായ കമ്മിറ്റികൾ പ്രവർത്തിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 04822 230224