കാനഡയിലെ സീറോ മലബാർ വിശ്വാസികൾക്കുവേണ്ടി മിസിസാഗാ ആസ്ഥാനമായി പുതിയ രൂപത രൂപൽകൃതമായി . ഇതുവരെ അപ്പസ്തോലിക് എക്സാർക്കേറ്റ് ആയിരുന്ന മിസിസാഗയെ ഫ്രാൻസിസ് മാർപാപ്പ രൂപതയാക്കി ഉയർത്തി. ബിഷപ് മാർ ജോസ് കല്ലുവേലിൽ മിസിസാഗാ രൂപതയുടെ പ്രഥമ മെത്രാനായി നിയമിക്കപ്പെട്ടു.
മാർ ജോസ് കല്ലുവേലിൽ കാനഡയിലെ മിസിസാഗ ബിഷപ്പായി നിയമിതനാവുമ്പോൾ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയ ഇടവകയ്ക്ക് സന്തോഷത്തിനും അഭിമാനത്തിനും അതിരുകളില്ലാതാവുന്നു… കുറവിലങ്ങാട്ട് തോട്ടുവായിലെ കല്ലുവേലിൽ കുടുംബത്തിൽ 1955 നവംബർ 15നായിരുന്നു ജനനം. കുടുംബം വർഷങ്ങൾക്കു മുമ്പ് പാലക്കാട് ജില്ലയിലെ നെല്ലിപ്പാറ ഇടവകയിലേക്ക് പോയെങ്കിലും വർഷത്തിൽ രണ്ടു തവണയെങ്കിലും കുറവിലങ്ങാട്ട് എത്തും. ബിഷപ്പായി ഉയർത്തപ്പെട്ട ശേഷം ജന്മനാട്ടിൽ എത്തുന്നതു കാത്തിരിക്കുകയാണ് മാതൃ ഇടവക.
തൃശൂർ സെന്റ് മേരീസ് മൈനർ സെമിനാരി, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി എന്നിവിടങ്ങളിൽ വൈദികപരിശീലനം പൂർത്തിയാക്കിയ മാർ കല്ലുവേലിൽ പാലക്കാടു രൂപതയ്ക്കുവേണ്ടി 1984 ഡിസംബർ 18നു പൗരോഹിത്യം സ്വീകരിച്ചു. പാലക്കാട് രൂപതയിലെ അഗളി, കുറുവംപടി, പുലിയറ, പന്തലാംപാടം, ഒലവക്കോട്, പാലക്കാട് കത്തീഡ്രൽ, കൊടുന്തിരപ്പുള്ളി, കാഞ്ഞിരപ്പുഴ, മെഴുകുംപാറ എന്നീ ഇടവകകളിൽ ഇടവകകളിൽ അജപാലന ശുശ്രൂഷ നിർവഹിച്ചു.
2015 ആഗസ്റ്റ് 6നാണു കാനഡയിൽ സീറോ മലബാർ സഭയ്ക്ക് അപ്പസ്തോലിക് എക്സാർക്കേറ്റ് സ്ഥാപിതമായതും മാർ ജോസ് കല്ലുവേലിൽ അപ്പസ്തോലിക് എക്സാർക്കായി നിയമിക്കപ്പെട്ടതും. 2015 സെപ്റ്റംബർ 19 നായിരുന്നു മെത്രാഭിഷേകം.
കാനഡയിലെ മിസിസാഗ എക്സാർക്കേറ്റ് രൂപതയായി ഉയർത്തപ്പെട്ടതോടെ സീറോ മലബാർ സഭയുടെ രൂപതകളുടെ എണ്ണം 35 ആയും ഇന്ത്യക്കു പുറത്തു ലഭിക്കുന്ന നാലാമത്തെ സീറോ മലബാർ രൂപതയാണു മിസിസാഗാ. ചിക്കാഗോ, മെൽബണ്‍, ഗ്രേറ്റ് ബ്രിട്ടൻ എന്നിവയാണു മറ്റു രൂപതകൾ. യൂറോപ്പിലും ന്യൂസിലൻഡിലും സീറോ മലബാർ സഭയ്ക്ക് അപ്പസ്തോലിക് വിസിറ്റേറ്റർമാരുണ്ട്. കാനഡ മുഴുവൻ വ്യാപിച്ചുകിടക്കുന്ന പുതിയ രൂപതയിൽ ഒമ്പതു പ്രോവിൻസുകളിലായി 12 ഇടവകകളും 34 മിഷൻ കേന്ദ്രങ്ങളും 20,000 വിശ്വാസികളുമുണ്ട്.
മിസിസാഗ രൂപതയുടെ പ്രത്യേകതകൾ: സീറോ മലബാര്‍ സഭയിലെ ഏറ്റവും വിസ്തൃതിയുള്ള രൂപത, സീറോ മലബാര്‍ സഭയുടെ ഭാരതത്തിനു പുറത്തുള്ള ആദ്യ എക്സാര്‍ക്കേറ്റായിരുന്നു ഇത്.