നോമ്പിന്റെയും പശ്ചാത്താപത്തിന്റെയും ചിന്തകൾ ദീപ്തമാക്കി കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ മൂന്ന്നോമ്പ് തിരുനാളിന്റെ ആദ്യദിനം പിന്നിടുമ്പോൾ നാട് വിശ്വാസസാഗരമായി. പ്രഭാതം മുതൽ തുടങ്ങിയ ഭക്തജനപ്രവാഹം രാവേറിയും തുടർന്നു.
മൂന്നുനോമ്പ് തിരുനാളിന്റെ ആദ്യദിനത്തിൽ പ്രദക്ഷിണങ്ങളുടെ പ്രഭാപൂരത്തിൽ നാട് ഐശ്വര്യപൂർണ്ണമായി.. ഇടവകയുടെ നാലു ദിക്കുകളിൽനിന്നും പ്രദക്ഷിണങ്ങൾ മുത്തിയമ്മയുടെ സവിധത്തിലേക്ക് എത്തുന്നുവെന്നതാണു പ്രധാനം. കുര്യനാട് നിന്നാരംഭിച്ച പ്രദക്ഷിണം കോഴാ സെന്റ് ജോസഫ് കപ്പേളയിലെത്തിയതോടെ കോഴായിലെ വിശ്വാസിസമൂഹവും ഒരുമിച്ചു, പ്രദക്ഷിണം സെൻട്രൽ ജംഗ്ഷനിലെത്തിയപ്പോൾ തോട്ടുവായിൽ നിന്നാരംഭിച്ച പ്രദക്ഷിണത്തോട് ചേർന്നു. ഈ സമയം പകലോമറ്റം തറവാട് പള്ളിയിൽനിന്നുള്ള പ്രദക്ഷിണവും വലിയ പള്ളിയിൽനിന്നുള്ള പ്രദക്ഷിണവും ജൂബിലി കപ്പേളയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന ഭക്തിയുടെ പാരമ്യതയിലായി. തീവെട്ടി പ്രഭചൊരിഞ്ഞ പ്രദക്ഷിണത്തിൽ ആലവട്ടവും തഴയും കൊടിതോരണങ്ങളും വർണപ്പകിട്ടേകി. പ്രദക്ഷിണങ്ങളെല്ലാം ജൂബിലി കപ്പേളയിൽ സംഗമിച്ചതോടെ ഇടവക ദേവാലയത്തിലേക്ക് നീണ്ട വിശ്വാസിപ്രവാഹമായത് മാറി.
തിരുനാളിന്റെ പ്രധാന ദിനമായ ഇന്നു പാരമ്പര്യ വിശ്വാസങ്ങൾക്ക് പിൻബലമേകി ഉച്ചകഴിഞ്ഞ് 1.00 നു കപ്പൽ പ്രദക്ഷിണം നടക്കും. നൂറുകണക്കായ കടപ്പൂർ നിവാസികളാണ് കപ്പൽ സംവഹിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ പാരമ്പര്യം കടപ്പൂരിന്റെ ഇപ്പോഴത്തെ തലമുറ മാറ്റംകൂടാതെ കാത്തുപാലിച്ചുപോരുന്നു. തിരുസ്വരൂപങ്ങൾ സംവഹിക്കാൻ കാളികാവ് കരക്കാരും മുത്തുക്കുടകളെടുക്കാൻ മുട്ടുചിറ കണിവേലിൽ കുടുംബക്കാരും എത്തുന്നതും തെറ്റാത്ത പാരമ്പര്യത്തിൽ ഊന്നി… നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയ ഗജവീരൻ അകമ്പടി സേവിച്ചു നടത്തുന്ന പ്രദക്ഷിണവും കുറവിലങ്ങാടിനു മാത്രം സ്വന്തം
കപ്പൽ പ്രദക്ഷിണം, യോനാ പ്രവാചകന്റെ നിനവേ യാത്രയെ അനുസ്മരിപ്പിക്കുന്നു. വിശ്വാസിസാഗരത്തിന്റെ ആത്മീയ ആഘോഷമാണ് കപ്പൽ പ്രദക്ഷിണം. യോനാപ്രവാചകന്റെ പാപബോധവും പശ്ചാത്താപവും മാനസാന്തരവും അനേകായിരങ്ങളിലേക്ക് കൈമാറുന്ന കപ്പൽ പ്രദക്ഷിണം ലോകത്തുതന്നെ കുറവിലങ്ങാട് മാത്രമാണുള്ളത്.
ഒരുമണിക്കാണ് ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം തുടങ്ങുന്നത്.🐘
⛵️പഴയ നിയമത്തിലെ യോനാ പ്രവാചകന്റെ കപ്പൽ യാത്രയെ അനുസ്മരിച്ചാണ് കപ്പൽ പ്രദക്ഷിണം. കടപ്പൂർ നിവാസികളാണ് കപ്പൽ സംവഹിക്കുന്നത്. തലമുറകളായി തുടരുന്ന അവകാശം ആവർത്തിക്കാൻ കഴിയുന്നതിലുള്ള സന്തോഷത്തിലാണ് കാളികാവ്, കൂടല്ലൂർ, രത്നഗിരി ഇടവകകളിൽ ഉൾപ്പെടുന്ന കടപ്പൂർക്കരക്കാർ. 👨
കപ്പൽ സംവഹിക്കുന്ന കടപ്പൂർക്കരക്കാർക്കു ഇടവകയിൽ നിന്ന് പ്രത്യേക അവകാശങ്ങളും നൽകുന്നുണ്ട്. കപ്പൽ പ്രദക്ഷിണത്തിന് ശേഷം കടപ്പൂർ കരക്കാർ വെച്ചൂട്ട് നടത്തുന്നതും പതിവാണ്.
ഒരുമണിക്ക് വികാരി ദേവാലയത്തിനുള്ളിലെത്തി കപ്പൽ സംവഹിക്കാൻ കടപ്പൂരുകാർക്ക് അനുവാദം നൽകി പ്രാർഥിക്കുന്നതോടെയാണ് പ്രദക്ഷിണത്തിന് തുടക്കമാകുന്നത്. വലിയ പള്ളിയുടെ ആനവാതിലിലൂടെ പുറത്തെത്തിക്കുന്ന കപ്പൽ കൊടികളുയർത്തിക്കെട്ടി പള്ളിമുറ്റത്തുകൂടെ യാത്ര ആരംഭിക്കും. തുടർന്ന് ചെറിയപള്ളിയിൽ നിന്നിറങ്ങുന്ന പ്രദക്ഷിണത്തിന് മുന്നിലെത്തി കപ്പൽ ഓട്ടുകുരിശ് ചുംബനം നടത്തും. തുടർന്ന് രണ്ടു പള്ളികളിലെയും പ്രദക്ഷിണത്തിനു മുന്നിലായി നീങ്ങുന്ന കപ്പൽ കുരിശിൻ തൊട്ടിയിലെത്തുന്നതോടെ കടൽക്ഷോഭത്തിന്റെ അനുഭവം സമ്മാനിക്കും. തുടർന്ന് യോനാപ്രവാചകനെ കടൽകണക്കെയുള്ള ജനസാഗരത്തിലേക്ക് എറിയുന്നതോടെ കപ്പൽ ശാന്തമാകും. ഒരു മണിക്കൂറിലധികം വരുന്ന കപ്പൽയാത്ര ശാന്തമായി തിരികെയെത്തി വലിയ പള്ളിയിൽ പ്രവേശിക്കുന്നതോടെ കപ്പൽ പ്രദക്ഷിണത്തിനു സമാപനമാകും.⛵
കുറവിലങ്ങാട് പള്ളിയിൽ ഇന്ന് (ഫെബ്രുവരി 12 ചൊവ്വ)
രാവിലെ 5.30ന് വിശുദ്ധ കുർബാന: സഹവികാരി ഫാ. മാത്യു വെണ്ണായപ്പിള്ളിൽ
7.00ന് വിശുദ്ധ കുർബാന: പാലാ രൂപതയിലെ നവവൈദികർ
8.30ന് വിശുദ്ധ കുർബാന, സന്ദേശം : ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ
10.30ന് വിശുദ്ധ കുർബാന, സന്ദേശം: തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത തോമസ് മാർ കൂറിലോസ്
1.00ന് യോനാപ്രവാചന്റെ കപ്പൽ യാത്ര സ്മരണകളുയർത്തി ചരിത്രപ്രസിദ്ധമായ കപ്പൽപ്രദക്ഷിണം
3.00നു വിശുദ്ധ കുർബാന: പാലാ രൂപത വികാരി ജനറാൾ മോണ്‍. ജോസഫ് കുഴിഞ്ഞാലിൽ
4.30ന് വിശുദ്ധ കുർബാന: ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോണ്‍. തോമസ് പാടിയത്ത്
6.00ന് വിശുദ്ധ കുർബാന: പാലാ രൂപത വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യൻ വേത്താനത്ത്
8.00ന് വിശുദ്ധ കുർബാന: ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ
9.30ന് ബാൻഡ് ഡിസ്പ്ളേ