ഭക്തിയുടെയും വിശ്വാസത്തിന്റെയും അനുഭവം അനേകായിരങ്ങളിലേക്ക് സമ്മാനിച്ച് കപ്പലോട്ടം നടന്നു. കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ മൂന്ന്നോമ്പ് തിരുനാളിന്റെ രണ്ടാംദിനമായിരുന്ന ഇന്നലെയായിരുന്നു ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം. ആർച്ച് പ്രീസ്റ്റിന്റെ അനുമതി ലഭിച്ചതോടെ പള്ളിയുടെ ആനവാതിലിലൂടെ കപ്പൽ പള്ളിമുറ്റത്തെത്തി കൊടികൾ ഉയർത്തിക്കെട്ടി. മൂന്നു തവണ പള്ളിനട ഓടിക്കയറി പ്രദക്ഷിണത്തിനു തുടക്കം കുറിച്ചു. തുടർന്ന് കപ്പൽ ചെറിയ പള്ളിയിലെത്തി മൂന്നു തവണ നട ഓടിക്കയറി കുരിശിൻ മേൽ ചുംബനം. വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ തിരുസ്വരൂപത്തെ കൂടെ ചേർത്ത് വർണാഭമായ പ്രദക്ഷിണമായി വീണ്ടും വലിയ പള്ളിയുടെ മുറ്റത്തേക്ക്. ഒരിക്കൽ കൂടി മുത്തിയമ്മയെ വന്ദിച്ച് കപ്പൽ കടപ്പൂർ ദേശത്തിന്റെ കൈക്കരുത്തിൽ മൂന്നു വട്ടം മുന്നോട്ടും പിന്നോട്ടും നീങ്ങി. പള്ളിമുറ്റത്ത് ആടിയുലഞ്ഞ് സഞ്ചരിച്ച് പടികളിലൂടെ കുരിശിൻ തൊട്ടിയിലേക്ക് ഇറങ്ങി. തളിർ വെറ്റിലയും നാണയത്തുട്ടുകളും വിശ്വാസികൾ കപ്പലിലേയ്ക്ക് കാഴ്ചയായി സമർപ്പിച്ചു. കരുത്തിന്റെ പ്രതീകമായ കടപ്പൂർ ദേശത്തിന്റെ കരങ്ങളിൽ ഒരേ താളത്തിലും വേഗത്തിലും കപ്പൽ ഉയർന്നു താഴ്ന്നപ്പോൾ ഓരോ വിശ്വാസിയും കടൽയാത്രയുടെ അനുഭവം അറിയുകയായിരുന്നു. കുരിശിൻ തൊട്ടിയിൽ കപ്പൽ ആടിയുലഞ്ഞു. അങ്ങോട്ടും ഇങ്ങോട്ടും സഞ്ചാരം. ഒടുവിൽ കപ്പലിൽ നിന്ന് യോനാ പ്രവാചകനെ എടുത്തെറിഞ്ഞതോടെ എല്ലാം ശാന്തമായി. യോനാ പ്രവാചകന്റെ കടൽ ക്ഷോഭത്തിലൂടെയുള്ള നിനവേ യാത്രയെ അനുസ്മരിയ്ക്കുന്നതാണ് കപ്പൽ പ്രദക്ഷിണം.
നൂറ്റാണ്ടുകൾക്ക് മുമ്പ് കടലായിരുന്ന കടപ്പൂർകരയുടെ പിൻതലമുറക്കാരാണ് ആവേശം ചോരാതെ പാരമ്പര്യത്തിന്റെയും അവകാശത്തിന്റെയും കരുത്തിൽ കപ്പൽ സംവഹിച്ചത്. നൂറുകണക്കായ കടപ്പൂർ നിവാസികളുടെ കരങ്ങൾ ഒരേവേഗത്തിലും താളത്തിലും ഉയർന്നുതാഴ്ന്നപ്പോൾ അനേകായിരങ്ങൾ കണ്ടറിഞ്ഞത് യോനാ പ്രവാചകന്റെ നിനവേ യാത്രയാണ്. പാപബോധത്തിന്റെയും പശ്ചാത്താപത്തിന്റെയും ദൈവപദ്ധതിയുടെയും പാഠങ്ങൾ കൃത്യമായി ഭക്തസാഗരത്തിനു സമ്മാനിച്ച കപ്പൽപ്രദക്ഷിണം ആത്മീയതയുടെ വലിയ അനുഭവവുമായിരുന്നു. ആദ്യനൂറ്റാണ്ടിൽ തുടങ്ങുന്ന ക്രൈസ്തവ പാരമ്പര്യം പേറുന്ന കുറവിലങ്ങാട്ട് കപ്പൽ പ്രദക്ഷിണത്തിന് എന്ന് തുടക്കമായി എന്നതിൽ വ്യക്തമായ രേഖകളില്ലെങ്കിലും നൂറ്റാണ്ടുകളായി കപ്പൽപ്രദക്ഷിണം ദേവാലയത്തിൽ മുടങ്ങാതെ നടന്നുവരുന്നു.
ഒരു മണിക്കൂർ പള്ളിമുറ്റത്തും കൽപ്പടവുകളും കുരിശിന്തൊട്ടിയിലും ജനസാഗരത്തിൽക്കൂടി നടത്തുന്ന കപ്പൽ പ്രദക്ഷിണമാണ് കുറവിലങ്ങാട്ടെ മൂന്ന്നോമ്പ് തിരുനാളിനെ വ്യത്യസ്തമാക്കുന്നത്. അണുവിട തെറ്റാത്ത പാരമ്പര്യങ്ങളുടെ ആവർത്തനമാണ് മൂന്ന് മൂന്ന്നോമ്പ് തിരുനാൾ പ്രദക്ഷിണത്തിൽ ഉടനീളം കാണാനാകുന്നതെന്നതും പ്രത്യേകതയാണ്. കടപ്പൂർ നിവാസികൾ കപ്പൽ സംവഹിക്കുമ്പോൾ കാളികാവ് കരക്കാർ തിരുസ്വരൂപങ്ങൾ സംവഹിക്കുന്നു. മുത്തുക്കുടകളെടുക്കാൻ മുട്ടുചിറ കണിവേലിൽ കുടുംബക്കാർ പതിവ് തെറ്റിക്കാതെയെത്തുന്നു. തിരുസ്വരൂപങ്ങൾ അതിരാവിലെ അണിയിച്ചൊരുക്കുന്നതു കാളികാവ് കരക്കാരാണ്. പ്രത്യേക അവകാശങ്ങൾ നിറവേറ്റുന്നവർക്കായി ഇടവകയുടെ പാരമ്പര്യ പിന്തുണയും ഉറപ്പാക്കുന്നുണ്ട്. കപ്പൽ സംവഹിക്കുന്ന കടപ്പൂർ നിവാസികൾ മുത്തിയമ്മയ്ക്ക് മുൻപിൽ വെച്ചൂട്ട് നടത്തിയാണ് മടങ്ങുക.
കപ്പലിന്റെ ഓട്ടുകുരിശ് ചുംബനവും പള്ളിനടകളിലേക്കുള്ള ഓടിക്കയറ്റവും കൽക്കുരിശിൽ തലചായ്ച്ചുള്ള വിശ്രമവും യോനായെ കടലിലേക്ക് വലിച്ചെറിയുന്നതുമൊക്കെ സമ്മാനിക്കുന്ന ആത്മീയതയും സന്ദേശവും, പ്രദക്ഷിണത്തിന്റെ പ്രത്യേകതയാണ്. നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയെത്തുന്ന ഗജവീരന്റെ അകമ്പടിയും മുത്തുക്കുടകളും കൊടിതോരണങ്ങളും സമ്മാനിക്കുന്ന വർണശബളിമയും കപ്പൽപ്രദക്ഷിണത്തിന് കൂടുതൽ ശോഭ പകരുന്നു.
https://www.facebook.com/KuravilangadChurchOfficial/videos/401195427314441/