കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിന്റെ “കാരുണ്യ ഭവനം, മുത്തിയമ്മ ഭവനം” പദ്ധതിയിൽ സ്വന്തമായി വീടോ വീടുപണിയാൻ സ്ഥലമോ ഇല്ലാത്ത, തിരഞ്ഞെടുക്കപ്പെട്ട എട്ട് കുടുംബങ്ങൾക്ക് പള്ളിയിൽനിന്നും സ്ഥലവും വീടും നൽകാൻ ഒരുങ്ങുന്ന പദ്ധതി, ഈ വർഷത്തെ എട്ടുനോമ്പ് തിരുന്നാളിനോട് അനുബന്ധിച്ച് പൂർത്തിയാക്കും. ഒരു വീട് നിർമ്മാണത്തിന് അഞ്ചുലക്ഷത്തിൽ കവിയാതെയുള്ള ചെലവാണ് പ്രതീക്ഷിക്കുന്നത്.
പ്രിയപ്പെട്ടവരുടെ സ്മരണ നിലനിർത്താൻ, വിവാഹ ജൂബിലി പോലുള്ള കാര്യങ്ങൾ നന്ദിയോടെ ഓർക്കുന്നതിനും ഒക്കെയായി ഒരു വീടിനുള്ളതുക നൽകാൻ സന്മനസുള്ളവർ കുറവിലങ്ങാട് പള്ളി സഹവികാരി ഫാ. തോമസ് കുറ്റിക്കാഡും ആയി ബന്ധപ്പെടുക. സ്വന്തമായി നല്ലൊരു വീട് പണിയാൻ ഭാഗ്യം സിദ്ധിച്ചവർക്കും നന്ദി സൂചകമായി ഭവനരഹിതരായവർക്ക് വേണ്ടിയുള്ള ഈ പദ്ധതിയിൽ ഒരു വീടിനുള്ള തുക ഏൽപ്പിക്കാൻ സന്മനസ് കാണിക്കാവുന്നതാണ്. ഭക്തസംഘടനകൾക്കും ചാരിറ്റിപ്രസ്ഥാനങ്ങൾക്കും ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരിക്കും. 5ലക്ഷം രൂപ മുഴുവനായി നൽകാൻ സാധിക്കാത്തവർക്കും ഭാഗികമായോ കഴിവനുസരിച്ച് ഈ പദ്ധതിയോട് സഹകരിക്കാവുന്നതാണ്.
ഇടവകാഗം ആയ പുതിയിടം ജോസഫ് സ്വന്തമായി ഭവനമോ സ്ഥലമോ ഇല്ലാത്തവർക്ക് ഭവനനിർമ്മാണത്തിനായി കുറവിലങ്ങാട് പള്ളിക്കു സംഭാവന നൽകിയ 33 സെൻറ് സ്ഥലത്ത് പ്രാഥമിക നടപടികൾ തുടങ്ങി. പ്രസ്തുത പുരയിടം പതിച്ചു നൽകുന്നതിനായുള്ള ക്രമീകരണത്തിനായി ഫാ. തോമസ് കുറ്റിക്കാട്ടും ജോസഫ് പുതിയിടവും കഴിഞ്ഞ ദിവസം നടപടികൾക്ക് തുടക്കം കുറിച്ചു.