ജീവിത സായാഹ്നത്തിലെത്തിയവർക്ക് ആദരവും അംഗീകാരവുമൊരുക്കി യുവജനങ്ങൾ. കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ഇടവകയിലെ എസ്എംവൈഎം അംഗങ്ങളാണ് ഇടവകയിലെ മുതിർന്ന തലമുറയ്ക്ക് ആദരവൊരുക്കിയ സംഗമം സംഘടിപ്പിച്ചത്. ഇടവയിലെ 70 വയസ് പിന്നിട്ടവരെ ഉൾപ്പെടുത്തിയായിരുന്നു “ആദരവ് 2019” എന്ന പേരിൽ ഇന്നലെ സംഗമം സംഘടിപ്പിച്ചത്. പേരക്കുട്ടികളുടെ പ്രായത്തിലുള്ളവർ സംഘാടകരായി ആദരവ് അറിയിച്ചത് മുതിർന്ന തലമുറയ്ക്കും ഏറെ സന്തോഷം പകർന്നു.
രാവിലെ പത്തുമണിക്ക് തുടങ്ങിയ സംഗമത്തിൽ, ദമ്പതികളടക്കം മുന്നൂറോളം പേർ എത്തിയിരുന്നു.. ജീവിത സായാഹ്നത്തിൽ ആദരിക്കപ്പെട്ടപ്പോൾ പല മുതിർന്നവരുടെയും കണ്ണുകളിൽ ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും നനവ് പ്രകടമായി. സംഗമത്തിൽ തങ്ങളുടെ സഹപ്രവർത്തകരെയും സഹപാഠികളെയും പഴയ കൂട്ടുകാരെയുമൊക്കെ കാണാനായതിന്റെ സന്തോഷവും പലരിലും പ്രകടമായിരുന്നു. നോമ്പുകാലം കണക്കിലെടുത്ത് കുമ്പസാരത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് വിശുദ്ധ കുർബാനയിലും എല്ലാവരും പങ്കെടുത്തു. ആദരവിന്റെ ഭാഗമായി എല്ലാവർക്കും കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം ഉപഹാരമായി നൽകി. സ്നേഹവിരുന്നിലും സംഘാടകരും പങ്കാളികളും ഒരുമിച്ച് പങ്കെടുത്തു.
ആർച്ച്പ്രീസ്റ്റ് റവ.ഡോ ജോസഫ് തടത്തിൽ സന്ദേശം നൽകി. എസ്എംവൈഎം ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കൽ, യൂണിറ്റ് പ്രസിഡന്റുമാരായ ഡിബിൻ വാഴപറമ്പിൽ, ആൻ മേരി നായരുമലയിൽ, സെക്രട്ടറിമാരായ സോണി പുത്തൻകണ്ടം, അലീന ബാബു, ഭാരവാഹികളായ അജോ ജോസഫ്, ബോണി ജയിംസ്, ബിബിൻ ബെന്നി, ഡെൻസി ജോണ് കൂറ്റാരപ്പിള്ളിൽ, ആഷ്ലി മരിയ എന്നിവർ പ്രസംഗിച്ചു. സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, സ്പെഷൽ കണ്ഫെസർ ഫാ. ജോർജ് നിരവത്ത് എന്നിവർ തിരുകർമങ്ങളിൽ സഹകാർമ്മികരായി.
https://www.facebook.com/KuravilangadChurchOfficial/posts/2062653273832766