14 നൂറ്റാണ്ടുകാലം അവിഭക്ത ക്രൈസ്തവസഭയ്ക്കു നേതൃത്വം നൽകിയ അർക്കദിയാക്കോന്മാർക്കു ജന്മം നൽകിയ മണ്ണിൽ സഭൈക്യത്തിന്റെ കാഹളം മുഴക്കി നാളെ നസ്രാണി മഹാസംഗമം നടക്കും. ജന്മവും കർമവും വിശ്വാസപാരന്പര്യവും വഴി കുറവിലങ്ങാടിനോട് ഇഴചേർന്നിരിക്കുന്ന പതിനാറായിരത്തോളം പ്രതിനിധികളാണ് സഭാതലന്മാരുടെ സാന്നിധ്യത്തിൽ ഒത്തുചേരുന്നത്.
സീറോ മലബാർ സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ്് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം ഉച്ചകഴിഞ്ഞു രണ്ടിന് ആരംഭിക്കും. 1.30 ന് ഡോക്കുമെന്ററിയും വിവിധ കലാരൂപങ്ങളും ആരംഭിക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. സീറോ മലങ്കര സഭാതലവൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാബാവ മുഖ്യപ്രഭാഷണം നടത്തും. മാർത്തോമ്മാ, കൽദായ സുറിയാനി, ക്നാനായ സുറിയാനി, മലബാർ സ്വതന്ത്ര സുറിയാനി സഭകളുടെ തലവന്മാരും യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും ചങ്ങനാശേരി അതിരൂപതാധ്യക്ഷനും അനുഗ്രഹപ്രഭാഷണം നടത്തും.
മുത്തിയമ്മ ഫെലോഷിപ്പ്, നസ്രാണി അംഗത്വ വിതരണോദ്ഘാടനം, ദേവമാതാ കോളജ് സ്വാശ്രയവിഭാഗം കെട്ടിടത്തിന്റെ നാമകരണം, നസ്രാണി മഹാസംഗമ സ്മാരക അഷ്ട ഭവനപദ്ധതിയുടെ വീടുകളുടെ താക്കോൽദാനം, മെമന്റോ വിതരണോദ്ഘാടനം എന്നിവയും നടക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത സ്ലിപ്പുമായി എത്തുന്നവർക്കു മാത്രമായിരിക്കും സംഗമത്തിൽ പ്രവേശനം അനുവദിക്കുന്നതെന്ന് ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിലും ജനറൽ കൺവീനർ ഫാ. തോമസ് കുറ്റിക്കാട്ടും അറിയിച്ചു.