കുറവിലങ്ങാടിന്റെ പേരിൽ വീണ്ടും ഒരു ചരിത്ര സംഗമം. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചു നടന്ന മേരി നാമധാരികളുടെ സംഗമമാണ് വീണ്ടും ചരിത്ര രേഖയായത്. രണ്ടായിരത്തിലേറെ മേരിമാർ നാമഹേതുകയായ പരിശുദ്ധ ദൈവമാതാവിന്റെ സന്നിധിയിൽ സംഗമിച്ചു.
പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമിത്വത്തിൽ നടന്ന തിരുനാൾ കുർബാനയെ തുടർന്നായിരുന്നു സംഗമം.
സംഗമത്തിന് എത്തിയവർക്കെല്ലാം പ്രത്യേക ഉപഹാരങ്ങളും നല്കി. മേരിനാമധാരികൾ സമർപ്പിച്ച കള്ളപ്പം സ്നേഹ വിരുന്നിൽ വിശ്വാസികൾക്കു വിളന്പി. കൈക്കുഞ്ഞുങ്ങൾ മുതൽ നാലു തലമുറകളുടെ തലപ്പത്തുള്ളവർ വരെ സംഗമത്തിന് എത്തിയതോടെ തലമുറകളുടെ സംഗമവേദിയായി നാമധാരികളുടെ ഒത്തുചേരൽ മാറി.