എട്ടുനോന്പാചരണത്തിന്റെ മൂന്നാദിനത്തിൽ വിശ്വാസസമൂഹം വാഹനങ്ങൾ മുത്തിയമ്മയ്ക്കരുകിൽ സമർപ്പിച്ചു. യാത്രകൾ അപകടരഹിതമാകാനും സുരക്ഷിതമാകാനുമായാണ് നോന്പിന്റെ ഒരുദിനം വാഹനസമർപ്പണം നടത്തുന്നത്. നോന്പിന്റെ ഓരോദിനങ്ങളും പ്രത്യേക ദിനാചരണങ്ങൾ നടത്തുന്നത്. വാഹനങ്ങൾ കൂട്ടമായി എത്തിയതോടെ പാർക്കിംഗ് മൈതാനം നിറഞ്ഞുകവിഞ്ഞ സാഹചര്യത്തിലെത്തി. മാർത്തോമാ നസ്രാണി ഭവന് സമീപത്തെ പാർക്കിംഗ് മൈതാനം നിറഞ്ഞതോടെ വാഹനങ്ങൾ പള്ളിമേടയുടെ സമീപമുള്ള ഗ്രൗണ്ടിലേക്കും വാഹനങ്ങൾ എത്തി.
യാത്രക്കാരെ മുത്തിയമ്മയ്ക്ക് സമർപ്പിച്ച് പ്രത്യേക പ്രാർഥന നടത്തി. വാഹനങ്ങളെല്ലാം വെഞ്ചരിച്ച് മുത്തിയമ്മയുടെ ചിത്രമുള്ള സ്റ്റിക്കർ പതിച്ചു.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി.വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ എന്നിവർ പ്രാർഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. കുറവിലങ്ങാട് മുത്തിയമ്മയുടെ നാമം ഓരോ വിശ്വാസിയുടെ ഹൃദയത്തിൽ എഴുതപ്പെട്ടിട്ടുള്ളതാണെന്ന് മാർ അങ്ങാടിയത്ത് പറഞ്ഞു. ഇന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. നാളെ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഇന്ന് കുടുംബകൂട്ടായ്മ ദിനമായും നാളെ സമർപ്പണദിനമായും ആചരിക്കും.