ആദ്യ നൂറ്റാണ്ടിൽ തുടങ്ങുന്ന ക്രൈസ്തവ പാരന്പര്യത്തിലൂടെ വിശ്വാസത്തിന്റെ ഉറവിടമായി മാറിയ കുറവിലങ്ങാട്ട് നസ്രാണി മഹാസംഗമത്തിനെത്തിയ സഭാധ്യക്ഷന്മാർ സ്നേഹാദരവുകൾ പങ്കിട്ടു. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് സഭാധ്യക്ഷന്മാരെ ആശ്ലേഷിച്ചു സ്നേഹാദരവുകൾ അറിയിച്ചത്. സഭാ തലവന്മാരോടുള്ള സ്നേഹം അദ്ദേഹം പ്രകടിപ്പിക്കുന്പോൾ സദസ് കരഘോഷം മുഴക്കി പിന്തുണയും സന്തോഷവും അറിയിച്ചു.
മാർ ആലഞ്ചേരി തന്റെ ഉദ്ഘാടന പ്രസംഗത്തിലും വിവിധ സഭാതലവന്മാരുടെ സാന്നിധ്യത്തെ അഭിനന്ദിച്ചു. മലങ്കര സുറിയാനി കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, മാർത്തോമ്മാ സഭാ മെത്രാപ്പോലീത്ത ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത, ക്നാനായ സുറിയാനി സഭാ ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സെവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ബസേലിയോസ് മാർ സിറിൾ മെത്രാപ്പോലീത്ത, കൽദായ സുറിയാനി സഭയുടെ മാർ അപ്രേം മെത്രാപ്പോലീത്ത എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി തിരികെ ഇരിപ്പിടങ്ങളിലേക്കു മടങ്ങവേയാണ് തന്റെ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റെത്തി മാർ ആലഞ്ചേരി സ്നേഹാദരവുകൾ പങ്കിട്ടത്.