മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിലെ മൂന്നുനോന്പ് തിരുനാൾ ഒരുക്കങ്ങൾക്കായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. മോൻസ് ജോസഫ് എംഎൽഎയുടെ നിർദേശ പ്രകാരം പാലാ ആർഡിഒ പ്രദീപ് കുമാർ വിളിച്ചുചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളുടെ ഏകോപനവും നടപടികളും വിലയിരുത്തി.
ടൗണിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കായി അടിയന്തരമായി ഗതാഗത ഉപദേശക സമിതി വിളിച്ചുചേർക്കാൻ എംഎൽഎ പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചു. പഞ്ചായത്തിലെ കംഫർട്ട്സ്റ്റേഷനുകൾ തുറന്ന് പ്രവർത്തിപ്പിക്കാനും നിർദേശം നൽകി. സെൻട്രൽ ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുവെന്ന പരാതിയിൽ ഇതിന്റെ സമയം പുനഃക്രമീകരിക്കാൻ കെഎസ്ടിപിയോട് എംഎൽഎ നിർദേശിച്ചു. കുറവിലങ്ങാട് ബൈപാസ് ബഹിഷ്കരിച്ച് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ഇത് ഗൗരവമായി ഗതഗാത ഉപദേശക സമിതിയിൽ ചർച്ചചെയ്യാനും തീരുമാനിച്ചു.
തിരുനാൾ ദിവസങ്ങളിൽ കുറവിലങ്ങാട് ഉത്സവ മേഖലയായി പ്രഖ്യാപിക്കും. മിനി സിവിൽ സ്റ്റേഷനിൽ കണ്ട്രോൾ റൂം തുറക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ വ്യാപാരികളുടെ യോഗം വിളിച്ചുചേർത്ത് പ്ലാസ്റ്റിക് ഉപയോഗം സംബന്ധിച്ച് ചർച്ച ചെയ്യും.
തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ നടപികൾ സ്വീകരിച്ചിട്ടുള്ളതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സെൻട്രൽ ജംഗ്ഷനിൽ ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കുന്നതിനായി രണ്ടാഴ്ചയ്ക്കുള്ളിൽ പണമടയ്ക്കുമെന്ന് കെഎസ്ടിപി അറിയിച്ചു. ഇതോടെ ഇവിടെ ഓടയ്ക്ക് മൂടിയിടാനാകുമെന്നും യോഗം വിലയിരുത്തി. തിരുനാൾ ദിവസങ്ങളിൽ കോട്ടയം, പാലാ, വൈക്കം, കൂത്താട്ടുകുളം ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. കപ്പൽ പ്രദക്ഷിണ ദിനമായ ഫെബ്രുവരി നാലിന് കടപ്പൂർക്ക് പ്രത്യേക ബസ് സർവീസ് നടത്തും. പള്ളിക്കവലയിൽ പ്രത്യേക ഓപ്പറേറ്റിംഗ് സെന്റർ സ്ഥാപിക്കും. ഫയർഫോഴ്സിന്റെ സേവനം മൂന്ന് ദിനങ്ങളിലും ലഭ്യമാക്കും. പോലീസിന്റെ പ്രത്യേക ടീം സേവനം നൽകും. പോലീസ് കണ്ട്രോൾ റൂം കാമറാ നിരീക്ഷണത്തോടെ തുറക്കും.
ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ, സീനിയർ അസി. വികാരി കുര്യാക്കോസ് വെള്ളച്ചാലിൽ, അസി.വികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. മാത്യു വെണ്ണായപ്പള്ളിൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാണി കൊഴുപ്പൻകുറ്റി, മീനച്ചിൽ തഹസിൽദാർ ഗീത, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമലാ ദിവാകരൻ, വൈസ് പ്രസിഡന്റ് തോമസ് ടി. കീപ്പുറം, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ആൻസി ജോസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ആൻസമ്മ സാബു, ബിനോയ് പി. ചെറിയാൻ, ലിസി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം ലില്ലി മാത്യു, ബിജു പാതിരിമല, കുറവിലങ്ങാട് പോലീസ് എസ്എച്ച്ഒ ആർ. കുമാർ, എസ്ഐ. ദീപു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി റെജി, പഞ്ചായത്തംഗങ്ങളായ സിബി മാണി, ജോർജ് ജി. ചെന്നേലി, മിനിമോൾ ജോർജ്, സോഫി സജി, ആലീസ് തോമസ്, ത്രേസ്യാമ്മ ജോർജ്, കൈക്കാരന്മാർ, യോഗപ്രതിനിധിക,ൾ പബ്ലിക് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ ജോജോ ആളോത്ത്, കണ്വീനർ ഷൈജു പാവുത്തിയേൽ തുടങ്ങിയവർ പങ്കെടുത്തു.