ദേശങ്ങളിലാകെ പുത്തൻ ആത്മീയതയുടെ ആവേശം സമ്മാനിച്ച് ഇടവകയിൽ ദേശത്തിരുനാളുകൾ. ആദ്യദിനം സാന്തോം സോണിലാണ് ഭക്തിനിർഭരമായ പ്രദക്ഷിണം നടന്നത്. ഇലയ്ക്കാട്, കുര്യം പ്രദേശങ്ങളിലെ വീടുകളിലെല്ലാം കഴുന്നുകളെത്തിച്ച് വൈകുന്നേരം പ്രദക്ഷിണമായി പള്ളിയിലേക്ക് നീങ്ങിയതോടെ വലിയ ഭക്തിയുടെ ആഘോഷത്തിനാണ് നാട് സാക്ഷ്യം വഹിച്ചത്. ഇടവകയിലെ 28 വാർഡുകളിലായുള്ള 20 കുടുംബകൂട്ടായ്മകൾ ഉൾക്കൊള്ളുന്ന പ്രദേശത്തായിരുന്നു ഇന്നലെ ദേശത്തിരുനാൾ. ഇവിടെ മുഴുവൻ വീടുകളിലും കഴുന്നെത്തിച്ചതിനൊപ്പം വഴിയോരങ്ങളും വീടുകളും കമനീയമായി അലങ്കരിച്ചും വാദ്യമേളങ്ങൾ മുഴക്കിയും നാട് ആണ്ടുവട്ടത്തിലൊരിക്കൽ ലഭിക്കുന്ന വലിയ ആത്മീയ ആഘോഷത്തെ വരവേറ്റു.
ഇന്ന് നസ്രത്ത്ഹിൽ പ്രദേശം ഉൾക്കൊള്ളുന്ന വിശുദ്ധ അൽഫോൻസാ സോണിലാണ് ദേശത്തിരുനാൾ. ബുധനാഴ്ച കുടുക്കമറ്റം ഭാഗത്തെ വിശുദ്ധ കൊച്ചുത്രേസ്യാ സോണിലും വ്യാഴാഴ്ച കോഴാ, കുര്യനാട് പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന സെന്റ് ജോസഫ് സോണിലും ദേശത്തിരുനാൾ നടക്കും. സംഘശക്തിയുടെയും ഭക്തിയുടെയും നേരനുഭവമാക്കി തിരുനാളിനെ മാറ്റാനുള്ള തയാറെടുപ്പാണ് ഇടവകയിലെങ്ങും നടക്കുന്നത്.
രാവിലെ ചെറിയ പള്ളിയിലെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് പ്രത്യേക പ്രാർഥനകൾ നടത്തിയ ശേഷമാണ് വൈദികരിൽ നിന്ന് കഴുന്ന് ഏറ്റുവാങ്ങി വീടുകളിലേക്ക് കൊണ്ടുപോകുന്നത്. വൈകുന്നേരം വീടുകളിലും അയൽവീടുകളിലും കപ്പേളകളിലും സംഗമിച്ച് പ്രത്യേക പ്രാർഥനകളോടെ ആഘോഷമായ പ്രദക്ഷിണമായി ചെറിയ പള്ളിയിലേക്ക് കഴുന്ന് എത്തിക്കും. തുടർന്ന് ലദീഞ്ഞ്.
വിശുദ്ധ സെബസ്ത്യാനോസിന്റെ മാധ്യസ്ഥം തേടിയാണ് കഴുന്ന് വീടുകളിൽ പ്രതിഷ്ഠിച്ച് കുടുംബാംഗങ്ങൾ ഒരുമിച്ചും അയൽവീടുകൾ സംഗമിച്ചും പ്രാർഥന നടത്തുന്നത്. വിശുദ്ധന്റെ മാധ്യസ്ഥത്തിലൂടെ ദാരിദ്ര്യം, പകർച്ചവ്യാധികൾ തുടങ്ങിയവയെ മറികടക്കാനാകുമെന്നാണ് വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നത്.