കെസിഎസ്എൽ സംസ്ഥാന കലോത്സവത്തിന് ഇക്കുറി വേദിയുണരുന്നത് സ്ഥാപകാംഗത്തിന്റെ ജന്മനാട്ടിൽ. 1915 ൽ തൃശിനാപ്പിള്ളി സെന്റ് ജോസഫ് കോളജ് വിദ്യാർഥിയും കുറവിലങ്ങാടിന്റെ അഭിമാനവുമായ ഡോ. പി.ജെ. തോമസടക്കമുള്ളവരുടെ മനസിലുയർന്ന ആശയമാണ് കെസിഎസ്എൽ എന്ന പേരിലുള്ള കേരള കത്തോലിക്ക വിദ്യാർഥി സഖ്യത്തിന്റെ പിറവിക്കു വഴിതുറന്നത്.
രാജ്യത്തെ ആദ്യത്തെ സാന്പത്തിക ഉപദേഷ്ടാവും കുറവിലങ്ങാട് പാറേക്കുന്നേൽ കുടുംബാംഗവുമായ ഡോ. പി.ജെ. തോമസിന്റെ സ്മരണകളും ഇന്നത്തെ മത്സരവേദിയിൽ ഉയരുമെന്നതു ചരിത്രത്തിനുള്ള വന്ദനമായി മാറും.
കുറവിലങ്ങാട് കെസിഎസ്എൽ സംസ്ഥാന കലോത്സവത്തിന് വീണ്ടും വേദിയാകുന്നത് ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണ്. ഇന്നു വിളംബര റാലിയും ഉദ്ഘാടന സമ്മേളനവും നടക്കും. നാളെയാണ് മത്സരങ്ങൾ. സെന്റ് മേരീസ് സ്കൂളുകളിലും ദേവമാതാ കോളജിലുമായാണ് 16 വേദികൾ. ദേവമാതാ കോളജ് കവാടത്തിൽനിന്നാണ് ഇന്നു വിളംബര റാലി ആരംഭിക്കുക.