കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂളിന് ശതാബ്ദി സ്മാരകമായ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയായി. വിദ്യാർത്ഥികൾക്ക് ആധുനിക സൗകര്യങ്ങളോടെ ആറ് ക്ലാസ് മുറികൾ അടങ്ങുന്ന ഇരുനില മന്ദിരമാണ് യാഥാർത്ഥ്യമായത്. നാട്ടിലെ ആയിരക്കണക്കിന് പെണ്‍കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് അവസരം സമ്മാനിച്ച സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂളിനാണ് ശതാബ്ദിവേളയിൽ സ്മാരകമന്ദിരം ഒരുങ്ങിയിരിക്കുന്നത്.
സീനിയർ സഹവികാരിയും ദേവമാതാ കോളജ് ബർസാറുമായ ഫാ. കുര്യാക്കോസ് വെള്ളച്ചാലിലിന്റെ മേൽനേട്ടത്തിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. 1500 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഇരുനില മന്ദിരം യാഥാർത്ഥ്യമാക്കിയത്. ഇടവകയുടെ കൂട്ടായപരിശ്രമവും ഇടവകയിലെ സ്കൂളുകളിലെ അധ്യാപക-അനധ്യാപകരുടേയും രക്ഷിതാക്കളുടേയും പങ്കാളിത്തവും ഇടവക എഡ്യുക്കേഷൻ പ്രമോഷൻ കൗണ്‍സിൽ നേതൃത്വവും സ്മാര മന്ദിര നിർമ്മാണത്തിൽ മുതൽക്കൂട്ടായി.
2018 ജനുവരി 26ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് 2019 ആഗസ്റ്റ് 16ന് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് നേട്ടമേകുന്ന ഒട്ടേറെ പദ്ധതികൾ ഈ കാലയളവിൽ നടത്തിയിരുന്നു.
സ്മാരക മന്ദിരത്തിന്റെ സമർപ്പണവും ആശീർവാദവും ജനുവരി മൂന്നിന് വൈകുന്നേരം മൂന്നിന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ നിർവഹിക്കും. മാനേജർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി എന്നിവർ സഹകാർമികരാകും.
മലയാളത്തിന്റെ പ്രമുഖ കവയിത്രി സിസ്റ്റർ മേരി ബനീഞ്ഞയടക്കം പ്രധാനാധ്യാപികയായി സേവനം ചെയ്ത വിദ്യാലയമാണ് നൂറ്റാണ്ട് പിന്നിട്ടതെന്നത് ശ്രദ്ധേയം. ഫാ. തോമസ് പുരയ്ക്കൽ കുറവിലങ്ങാട് വികാരിയായിരിക്കെ 1919ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ശതാബ്ദിക്കൊപ്പം സ്കൂൾ പ്രവർത്തനങ്ങളിലെ സജീവസാന്നിധ്യമായ കർമ്മലീത്ത മഠവും ശതാബ്ദി പിന്നിട്ടുവെന്നത് നാടിന് ഇരട്ടിമധുരമാണ്.
275 വിദ്യാർത്ഥിനികളുമായി ഉപജില്ലയിൽ പത്ത് വർഷങ്ങളിലേറെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട ഈ സ്കൂളിൽ സിസ്റ്റർ ലിസ മാത്യൂ ഇപ്പോൾ പ്രധാനാധ്യാപികയായി സേവനം ചെയ്യുന്നു. പാഠ്യ, പാഠ്യേതര മേഖലയിലും കുറവിങ്ങാട് സെന്റ് മേരീസ് ഗേൾസ് എൽ. പി. സ്കൂൾ ഉപജില്ലയിൽ ഒന്നാംനിരക്കാരുടെ പട്ടികയിലാണ്.