കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂൾ ശതോത്തര രജതജൂബിലിയുടെ സ്മാരകമായി നിർമ്മാണം പൂർത്തീകരിച്ച മന്ദിരത്തിന്റെ ആശിർവാദകർമ്മം ഇന്നലെ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ച് നാടിന് സമർപ്പിച്ചു. മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ പ്രാർഥനകൾക്കു കാർമികത്വം വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, പ്രോ മാനേജർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, അസി. മാനേജർ ഫാ. തോമസ് കുറ്റിക്കാട്ട്, പ്രിൻസിപ്പൽ നോബിൾ തോമസ്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബ്, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, പിടിഎ ഭാരവാഹികൾ, സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
മൂന്നുനിലകളിലായി കംപ്യൂട്ടർ, ഇന്റർനെറ്റ്, എൽസിഡി പ്രൊജക്ടർ സൗകര്യങ്ങളുള്ള ഹൈടെക് ക്ലാസ്മുറികളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കുന്നത്. സ്റ്റാഫ് റൂം, ലൈബ്രറി, സൊസൈറ്റി, രോഗീപരിപാലനമുറി, വാഷിംഗ് എരിയ, ടോയ്ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മൂന്നു നിലകളിലായി 18 ക്ലാസ് മുറികളും അനുബന്ധസൗകര്യങ്ങളും സംയോജിപ്പിച്ച പുതിയ മന്ദിരം എം.സി.റോഡിന് അഭിമുഖമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്.