കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ മാതാവിന്റെ ജനനതിരുനാളിന് ഒരുക്കമായുള്ള എട്ടുനോമ്പാചരണത്തിന് നാളെ കൊടിയേറും. രാവിലെ 6.15ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ തിരുനാൾ കൊടിയേറ്റും. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദേശങ്ങൾ പൂർണ്ണമായും പാലിച്ചാണ് തിരുനാൾ കൊടിയേറ്റും തിരുകർമങ്ങളും. എട്ടുനോമ്പിനൊരുക്കമായി ഫാ. ആന്റണി തച്ചേത്തുകുടി നേതൃത്വം നൽകിവരുന്ന മരിയൻ കൺവെൻഷൻ ഇന്ന് സമാപിക്കും.
നാളെ കൊടിയേറ്റിനെ തുടർന്ന് തിരുസ്വരൂപപ്രതിഷ്ഠയും ലദീഞ്ഞും വിശുദ്ധ കുർബാനയും നടക്കും. 11.00 ന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാനയർപ്പിക്കും. വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന. 7.00ന് ജനപങ്കാളിത്തമില്ലാതെ ജപമാലപ്രദക്ഷിണം.
നോമ്പിന്റെ ആദ്യദിനം മാതാവിന്റെ മാധ്യസ്ഥത്തിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക്കുള്ള കൃതജ്ഞതാദിനമായി ആചരിക്കും. നന്ദിപ്രകാശനത്തിന്റെ പ്രത്യേക പ്രാർത്ഥനകൾ നടക്കും. കൊറോണയടക്കമുള്ള പകർച്ചവ്യാധികളുടെ സാഹചര്യത്തിൽ രണ്ടാംദിനത്തിൽ സൗഖ്യദിനമായി ആചരിക്കും. സൗഖ്യത്തിനായുള്ള പ്രത്യേക പ്രാർത്ഥനകൾ നടക്കും. 3ന് ഇടവകയിലെ വിവിധ സംഘടനകളുടെ അംഗങ്ങളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന സംഘടനാദിനാചരണവും നടത്തും. മാസാദ്യവെള്ളിയാഴ്ചയായ 4ന് അനുരഞ്ജനദിനമായും 5ന് സമർപ്പിതദിനമായും 6ന് (ഞായർ) കുടുംബകൂട്ടായ്മദിനമായും 7ന് കർഷകദിനമായും സമാപനദിനമായ 8ന് മേരിനാമദിനമായും ആചരിക്കും;
എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി കുറവിലങ്ങാട് ഇടവകയിൽ നാളെ മുതൽ ജപമാല മണിക്കൂർ ആചരിക്കും. 14 മണിക്കൂർ തുടർച്ചയായി ഇടവകയിൽ ജപമാലയർപ്പണം നടക്കും. ഇടവകയിലെ 28 വാർഡുകൾ അടിസ്ഥാനമാക്കിയാണ് ജപമാലയർപ്പണം ക്രമീകരിച്ചിട്ടുള്ളത്. ഓരോ വാർഡിലുംമുള്ള ഭവനങ്ങളിൽ നിശ്ചിതസമയത്ത് പ്രത്യേകമായി ഒരു ജപമാല അർപ്പിക്കും . എല്ലാദിവസവും രാവിലെ 7.30ന് ആരംഭിച്ച് രാത്രി 9.30ന് അവസാനിക്കുന്ന വിധത്തിലാണ് ജപമാലയർപ്പണം ക്രമീകരിച്ചിരിക്കുന്നത്. ഓരോ വാർഡുകൾക്കുമുള്ള സമയം മുൻകൂട്ടി നിശ്ചയിച്ച് നൽകിയിട്ടുണ്ട്.
എട്ടുനോമ്പിന്റെ ദിനങ്ങളിലൂടെ ഇടവകയിലെ വീടുകളിൽ 98 മണിക്കൂർ ജപമാലയർപ്പണം നടക്കും. ഒപ്പം ഇടവകാതിർത്തിയിലെ സന്യാസ, സന്യാനിസി ഭവനങ്ങളും ചേർന്ന് നോമ്പിന്റെ ദിനങ്ങളിൽ 100 മണിക്കൂർ ജപമാലയർപ്പണത്തോടെ പുതിയ ആത്മീയ ചൈതന്യം ഇടവകയ്ക്ക് ലഭിക്കും.
ഓൺലൈനിലൂടെയും യൂട്യൂബ് ചാനലിലൂടെയും നോമ്പാചരണചടങ്ങുകളും തിരുന്നാളും ഭക്തർക്ക് ലഭ്യമാക്കുമെന്ന് ആർച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ പറഞ്ഞു.
Facebook : https://www.facebook.com/KuravilangadChurch
YouTube : https://www.youtube.com/KuravilangadchurchTV
Website : http://kuravilangadpally.com/