നസ്രത്തിലെ മംഗളവാർത്ത ദേവാലയത്തിൽ സ്ഥാപിക്കുന്നതിനായി ജറിക്കോയിൽ നിർമ്മിച്ച കുറവിലങ്ങാട് മുത്തിയമ്മയുടെ ഛായാചിത്രം

Spread the love

ദൈവമാതാവിന്റെ പിറവി തിരുനാൾ ആചരണത്തിനിടയിൽ ഭാരതസഭയ്ക്കാകെ ആവേശം സമ്മാനിച്ച് നസ്രത്തിൽ നിന്നൊരു സദ്‌വാർത്ത. കുറവിലങ്ങാട് മുത്തിയമ്മയുടെ മെസൈക്ക് ചിത്രം നസ്രത്തിലെ മംഗളവാർത്ത ദേവാലയത്തിൽ മാതാവിന്റെ പിറവിതിരുനാൾ ദിനത്തിൽ പ്രതിഷ്ഠിക്കുന്നു. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ദൈവമാതാവിന്റെ ഒരു മൊസൈക്ക് ചിത്രം നസ്രത്ത് ദേവാലയത്തിൽ പ്രതിഷ്ഠിക്കുന്നത്. ലോകചരിത്രത്തിൽ ആദ്യത്തേതും ആവർത്തിച്ചിട്ടുള്ളതുമായ കുറവിലങ്ങാടെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങൾ കണക്കിലെടുത്താണ് ഇതിനുള്ള അനുമതി നൽകിയിട്ടുള്ളത്.
ജറുസലേമിലെ പള്ളികളുടെ പൂർണ്ണചുമതലകൾ നിർവഹിക്കുന്ന ഡിസ്‌ക്രിറ്റോറിയം കഴിഞ്ഞ മാർച്ച് നാലിനാണ് ഇതിനുള്ള അനുമതി നൽകിയത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഡിസ്‌ക്രിറ്റോറിയം കുസ്‌തോസ് ഫ്രാൻസിസ്‌കോ പാറ്റണ് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. തുടർന്ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രം ആർച്ച്പ്രീസ്റ്റ് ഇപ്പോൾ പാലാ രൂപത വികാരി ജനറാളുമായ നസ്രത്ത് മംഗളവാർത്ത തീർത്ഥാടന കേന്ദ്രം റെക്ടർ മോൺ. ബ്രൂണോ വാരിയാനോ, കോൺസലേറ്റ് അറ്റാഷേ ജോഷി ബോയ് എന്നിവരുമായി ബന്ധപ്പെട്ട് ഛായാചിത്രപ്രതിഷ്ഠയ്ക്കുള്ള നടപടികൾ പൂർത്തീകരിക്കുകയായിരുന്നു. ഇറ്റലിയിൽ നിന്നെത്തിച്ച മൊസൈക്ക് ഉപയോഗിച്ച് ജറുസലേമിൽ ഫ്രാൻസിസ്‌കൻ വൈദികരുടെ നേതൃത്വത്തിലാണ് ഛായാചിത്രത്തിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്.

മംഗളവാർത്ത ദേവാലയത്തിൽ നടക്കുന്ന ജപമാലപ്രദക്ഷിണവീഥിയോട് ചേർന്നുള്ള ചത്വരത്തിലാണ് മുത്തിയമ്മയുടെ ചിത്രം സ്ഥാപിക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്. പ്രദക്ഷിണം ഓരോ ശനിയാഴ്ചയും ഈ ചിത്രത്തിന് മുന്നിലെത്തുമ്പോൾ ഭാരതത്തിനായി പ്രത്യേക പ്രാർത്ഥനയും നടത്തും. കുറവിലങ്ങാട് പള്ളിയുടെ പശ്ചാത്തലത്തിലുള്ള കുറവിലങ്ങാട് മുത്തിയമ്മയുടെ ചിത്രമാണ് സ്ഥാപിക്കുന്നത്. ഒന്നാം നൂറ്റാണ്ടിലെ മാതൃപ്രത്യക്ഷീകരണം, ഇന്ത്യ, കേരളം എന്ന രേഖപ്പെടുത്തലുമുണ്ട്.
എട്ടിന് ഇന്ത്യൻ സമയം 12.30 മുതൽ മൂന്നുവരെ നീളുന്ന തിരുകർമ്മങ്ങൾക്കിടയിലാണ് ഛായാചിത്രപ്രതിഷ്ഠ. ഇന്ത്യൻ നയതന്ത്രപ്രതിനിധിയടക്കമുള്ളവർ ചടങ്ങിൽ സാക്ഷികളാകും. ഈ ധന്യനിമിഷത്തെ വരവേൽക്കാനായി ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് ഇടവകയിൽ തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചുവരുന്നു.
കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ വിജയത്തിനായി ഇടവകയിൽ നിന്നുള്ള 50 അംഗസംഘം നടത്തിയ വിശുദ്ധ നാട് തീർത്ഥാടനത്തിലാണ് ഛായാചിത്രപ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. സംഘാംഗങ്ങളായിരുന്ന ഇമ്മാനുവൽ നിധീരി, ജോയി പനങ്കുഴ, സിന്ധു ജെരാർദ് നിധീരി, ടിക്‌സൺ മണിമലത്തടത്തിൽ എന്നിവർ മംഗളവാർത്ത ദേവാലയത്തിൽ സേവനം ചെയ്യുന്ന സിസ്റ്റർ ഏലിയ കട്ടക്കയം, ഷൈനി ബാബു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങളിലാണ് ഛായാചിത്രനിർമ്മാണമടക്കമുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.