കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിലെ മൂന്നു ദിനങ്ങൾ നീണ്ടുനിന്ന മൂന്ന്നോമ്പ് തിരുനാളിന് പരിസമാപ്തിയായി. ആയിരങ്ങൾക്ക് ആത്മീയനുഭൂതി സമ്മാനിച്ചാണ് മൂന്ന്നോമ്പ് തിരുനാൾ സമാപിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതുകൊണ്ട്, മൂന്നുദിനം നീണ്ട തിരുനാൾ ദിനങ്ങളിൽ ഈ വർഷം ദേവാലയത്തിലെത്തിയ പരിമിതമായ ഭക്തജനങ്ങൾക്ക് മാത്രമാണ് തിരുന്നാൾ കർമ്മങ്ങളിൽ പങ്കെടുക്കാനായത്. സമാധാനപൂർണ്ണമായ ഒരു മൂന്നുനോമ്പ് തിരുന്നാളിനായി ഒരുവർഷം നീളുന്ന കാത്തിരിപ്പിലാണ് ഇടവസമൂഹം.
മുൻവർഷങ്ങളെ അപേക്ഷിച്ച് തിരുനാളിനെത്തിയ വിശ്വാസസമൂഹത്തിന്റെ സാന്നിധ്യംകോവിഡ് മാനദണ്ഡപ്രകാരമായിരുന്നു. അതുകൊണ്ടുതന്നെ തീർത്ഥാടകരുടെ പങ്കാളിത്തം വളരെ പരിമിതമായിരുന്നു.
തിരുന്നാളിന്റെ സമാപനദിനത്തിൽ സീറോ മലബാർ സഭ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ തിരുനാൾ റാസ അർപ്പിച്ചു സന്ദേശം നൽകി.
നാളെ (28-1-2021 വ്യാഴം) ഇടവകയിലെ മരിച്ചവരുടെ ഓർമ്മദിനമായി ആചരിക്കും. രാവിലെ 5.30നും 6.30നും വിശുദ്ധകുർബാന, 7.30 ന് ആഘോഷമായ പരിശുദ്ധ കുർബാന, പുനഃരുത്ഥാനപൂന്തോട്ടത്തിൽ പ്രത്യേക പ്രാർത്ഥനകൾ.