മാര്‍പാപ്പായുടെ ആഹ്വാനപ്രകാരം സീറോ മലബാര്‍ സഭാതലവനും പാലാ രൂപതാധ്യക്ഷനും നല്കിയ നിര്‍ദേശപ്രകാരം കോവിഡ് വ്യാപനത്തിനെതിരെ കുറവിലങ്ങാട് ഇടവകയിലാരംഭിച്ച അഖണ്ഡജപമാല 550 മണിക്കൂര്‍ പിന്നിട്ടു. മാതാവിന്റെ വണക്കമാസമായി സർപ്പിച്ചിരിക്കുന്ന മെയ് മാസത്തിലെ 31 ദിവസങ്ങളിലായുള്ള 744 മണിക്കൂര്‍ ഇടവകയില്‍ ഇടമുറിയാതെ ജപമാല ചൊല്ലിവരുകയാണ്. ഓരോ ദിനവും 48 കുടുംബങ്ങളാണ് ജപമാലയില്‍ കണ്ണികളാകുന്നത്. ഇത്തരത്തില്‍ 1488 കുടുംബങ്ങള്‍ ചേര്‍ന്നാണ് അഖണ്ഡജപമാല പൂര്‍ത്തീകരിക്കുന്നത്. ഓരോ കുടുംബത്തിനും രാപകല്‍ വ്യത്യാസമില്ലാതെ അരമണിക്കൂര്‍ സമയം ഒരു ജപമാലയര്പ്പണത്തിനായി മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കിയിരിക്കുകയാണ്. ഇതോടൊപ്പം ലക്ഷക്കണക്കിനു ജപമാല ചൊല്ലി സമര്‍പ്പിക്കുന്ന യജ്ഞവും മുന്നേറുന്നുണ്ട്. ജപമാലമാസാചരണത്തിന്റെ സമാപനദിനങ്ങളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി പ്രാര്‍ത്ഥന കൂടുതല്‍ തീവ്രമാക്കാനും തീരുമാനമെടുത്തു. പന്തക്കുസ്ത തിരുനാള്‍ മുതല്‍ ദൈവമാതാവിന്റെ വണക്കമാസാചരണ സമാപനദിനമായ മെയ് 31 വരെ ഇടവകയിലെ മൂവായിരത്തിലേറെ കുടുംബങ്ങളിലും തീവ്രജപമാലവാരം ആചരിക്കും. സന്തോഷം, ദുഃഖം, മഹിമ, പ്രകാശ രഹസ്യങ്ങള്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ ജപമാല ചൊല്ലി അര്‍പ്പണം നടത്തും. കുടുംബങ്ങള്‍ക്കൊപ്പം ഇടവക ദേവാലയത്തിലും സന്യസ്ത ഭവനങ്ങളിലും പ്രത്യേക ജപമാലയര്‍പ്പണം മാര്പാപ്പായുടെയും സഭാതലവന്റെയും രൂപതാധ്യക്ഷന്റെയും നിയോഗങ്ങളോടു ചേര്‍ത്തു നടത്തിവരുന്നതായി ഇടവകവികാരി ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍ അറിയിച്ചു.