എസ്എംവൈഎം പാലാ രൂപത പ്രഥമ യുവജന സമ്മേളനം അടുത്ത ശനിയാഴ്ച, – 16-ാം നൂറ്റാണ്ടിൽ ഭാരതസഭയുടെ പ്രഥമ നസ്രാണി മെത്രാനായിരുന്ന പറമ്പിൽ ചാണ്ടി മെത്രാന്റെ കത്തീഡ്രൽ ദേവാലയമായിരുന്ന കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിൽ നടക്കും.
1973 ൽ രൂപീകൃതമായ യുവശക്തിയും തുടർന്ന് സിവൈഎം, കെസിവൈഎം എന്നീ പേരുകളിൽ പ്രവർത്തിച്ച യുവജനങ്ങളുടെ സംഘടന, എസ്എംവൈഎം എന്ന് പേരു സ്വീകരിച്ചതിനു ശേഷമുള്ള ആദ്യ യുവജന സമ്മേളനത്തിനാണ് കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളി ആതിഥേയത്വം വഹിക്കുന്നത്.
പാലാ രൂപതയിലെ 17 ഫൊറോനകളിലായുള്ള 170 ഇടവകളിൽ നിന്നു അയ്യായിരത്തോളം യുവജനങ്ങളാണ് റാലിയിലും സമ്മേളനത്തിലും പങ്കെടുക്കുന്നത്. ശനിയാഴ്ച രാവിലെ 9.30ന് ക്രൈസ്തവ സഭാഭരണത്തിന് 16-ാം നൂറ്റാണ്ട് വരെ നേതൃത്വം നൽകിയ അർക്കദിയാക്കോന്മാർ അന്ത്യവിശ്രമംകൊള്ളുന്ന പകലോമറ്റം തറവാട് പള്ളിയിൽ നിന്നുള്ള ദീപശിഖാപ്രയാണം പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് കുഴിഞ്ഞാലിൽ ഉദ്ഘാടനം ചെയ്യും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ദീപശിഖാപ്രയാണം എത്തിച്ചേരും. തുടർന്ന് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ നിന്ന് നടക്കുന്ന വിശ്വാസപ്രഖ്യാപനറാലി കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളി വികാരി റവ. ഡോ. ജോസഫ് തടത്തിൽ ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് മാർത്തോമാ നസ്രാണിഭവനിലെ മുത്തിയമ്മ ഹാളിൽ സമ്മേളനം. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് ഡാനി പാറയിൽ അധ്യക്ഷത വഹിക്കും. ഡയറക്ടർ ഫാ. കുര്യാക്കോസ് കാപ്പിലിപറമ്പിൽ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശുദ്ധ ജോണ് പോൾ രണ്ടാമൻ മാർപാപ്പയുടെ ഛായാചിത്രം അനാഛാദനം നിർവഹിക്കും.
എസ്എംവൈഎം രൂപീകൃതമായതിന് ശേഷം നടക്കുന്ന പ്രഥമരൂപതാതല സമ്മേളനമെന്നതിനാൽ രൂപതയിലെ മുഴുവൻ ഇടവകളുടെയും പ്രാതിനിധ്യം ഉണ്ടാകും. റാലിയും സമ്മേളനവും ഉൾക്കൊള്ളിച്ച് നടത്തുന്ന സംഗമത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികളാണ് രൂപീകരിച്ച് പ്രവർത്തനം നടത്തുന്നത്. രൂപത ഡയറക്ടർ ഫാ. കുര്യാക്കോസ് കാപ്പിലിപറന്പിലിന്റെ നേതൃത്വത്തിലാണ് കമ്മിറ്റികളുടെ പ്രവർത്തനം