കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളി ആതിഥ്യമരുളുന്ന, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന രണ്ടാമത് കുറവിലങ്ങാട് അഭിഷേകാഗ്നി കണ്വൻഷൻ ഇന്ന് മൂന്നാം ദിനത്തിലേക്ക് പ്രവേശിക്കും.
വചനവും സംഗീതവും ആരാധനയും സമ്മാനിച്ച പുത്തൻ ആത്മീയതയിൽ നിറഞ്ഞ് പതിനായിരങ്ങൾ രണ്ടാംദിനമായിരുന്ന ഇന്നലത്തെ കൺവൻഷനിൽ പങ്കുചേർന്നു. അഭിഷേകാഗ്നി കണ്വൻഷൻ രണ്ടു ദിനം പിന്നിടുമ്പോൾ വചനമാരിയിൽ നിറഞ്ഞ് പുതിയ ആത്മീയത നേടിയത് അനേകായിരങ്ങളാണ്.
അഭിഷേകാഗ്നി കണ്‍വൻഷന്റെ രണ്ടാംദിനത്തിൽ പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് കുഴിഞ്ഞാലിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. മർത്ത്മറിയം ഫൊറോന പള്ളി സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരി ഫാ. മാത്യു പിണക്കാട്ട് എന്നിവർ സഹകാർമ്മികരായി.
മൂന്നാംദിനമായ ഇന്നു നാലിനു പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് കൊല്ലംപറമ്പിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ കൗണ്‍സിലിംഗിനും രാവിലെ പത്തു മുതൽ നാലുവരെ കുമ്പസാരത്തിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
എട്ടുനോമ്പാചരണത്തിന് ഒരുക്കമായി നടത്തുന്ന കൺവൻഷൻ 31 വരെ നീണ്ടുനിൽക്കും