സയൻസ് സിറ്റിയുടെ വരവോടെ വിദ്യാഭ്യാസ ഹബ്ബായി മാറുന്ന കുറവിലങ്ങാട് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു തുടക്കമിട്ട സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ 125 ന്റെ നിറവിൽ. ആണ്‍കുട്ടികൾക്കായി തുടക്കമിട്ട സ്കൂളിന്റെ രജതജൂബിലിയിൽ പിറന്ന പെണ്‍പള്ളിക്കൂടം ശതാബ്ദിയും പിന്നിടുന്നു. ഇരട്ടജൂബിലികളുടെ സമാപനം 16 നു നടക്കും.
പാലാ രൂപതയിലെ തന്നെ പ്രഥമ പൊതുവിദ്യാലയമാണ് 125 വർഷങ്ങൾ പിന്നിടുന്നതെന്നത് വിദ്യാഭ്യാസരംഗത്തെ നാടിന്റെ ദീർഘവീക്ഷണത്തിനുള്ള തെളിവാണ്. 1894 ജനുവരിയിൽ കുറവിലങ്ങാട് പള്ളിയുടെ നേതൃത്വത്തിൽ പള്ളിയുടെ പടിപ്പുരമാളികയിലും വാദ്യപ്പുരയിലുമായി തുടക്കമിട്ട സ്കൂളിന്ന് ഹയർ സെക്കൻഡറി സ്കൂളായി വളർന്നിരിക്കുന്നു. പൊന്തിഫിക്കൽ അധികാരങ്ങളോടെ കോട്ടയം വികാരിയാത്തിന്റെ വികാരി ജനറാൾ ആയിരുന്ന നിധീരിക്കൽ മാണിക്കത്തനാർ ആണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ഹയർ സെക്കൻഡറിയുടെ തുടക്കത്തിന് പിന്നാലെ 2002-03 അധ്യയനവർഷം മുതലാണ് ഈ സ്കൂളിലേക്ക് പെണ്‍കുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങിയത്.
മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണൻ, ഡോ. പി.ജെ. തോമസ്, കെ.എം. മാണി, കെ.പി. ജോസഫ്, പോൾ മണ്ണാനിക്കാട്ട്, ഷെവ. വി.സി. ജോർജ്, മാർ ജോസഫ് മിറ്റത്താനി, മാർ ജോർജ് മാമലശേരി എന്നിങ്ങനെ സെന്റ് മേരീസിന്റെ പ്രമുഖ സന്തതികളുടെ നിര നീളും.
ഇംഗ്ലീഷ് പള്ളിക്കൂടത്തിന് പിന്നാലെ പെണ്‍പള്ളിക്കൂടമെന്ന നിലയിലാണ് സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂളിന്റെ പിറവി. ഇടവകപ്പള്ളിയുടെ നേതൃത്വത്തിൽ വികാരി ഫാ. തോമസ് പുരയ്ക്കലാണ് പെണ്‍പള്ളിക്കൂടത്തിനു തുടക്കമിട്ടത്. ഗേൾസ് ഹൈസ്കൂളിലൂടെ ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രശോഭിച്ച അനേകരാണ് നാട്ടിലെ ആദ്യ പെണ്പള്ളിക്കൂടത്തിലൂടെ വിജയം നേടിയത്. പത്താംതരത്തിലെ ഒന്നാംനിര റാങ്കുകളടക്കം കുറവിലങ്ങാട്ടേയ്ക്ക് എത്തിച്ചത് ഈ മിടുക്കികളാണ്. റാങ്ക് ജേതാവായ ഡോ. പി.ആർ. ജയശ്രീയടക്കമുള്ളവർ ഈ നിരയിൽപ്പെടുന്നു.
ആഘോഷങ്ങളുടെ സമാപനം 16 ന് 10.30 ന് മുത്തിയമ്മ ഹാളിൽ നടക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. മുൻ സുപ്രീംകോടതി റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ ആമുഖപ്രഭാഷണം നടത്തും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാഴികാടൻ എംപി മുതിർന്ന പൂർവ അധ്യാപക-വിദ്യാർഥി പ്രതിനിധികളെ ആദരിക്കും. വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും.