അരമണിക്കൂറിനുള്ളിൽ സന്പൂർണ ബൈബിൾ പൂർണമായി വായിച്ച് കുറവിലങ്ങാട് പുതിയ ചരിത്രമെഴുതി. ക്രൈസ്തവ സഭാ ചരിത്രത്തിൽതന്നെ പുത്തൻ അധ്യായം രചിക്കാനൊരുങ്ങുന്ന നസ്രാണി മഹാസംഗമത്തിന്റെ ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായാണ് ബൈബിൾ പാരായണം നടത്തിയത്. ഞായറാഴ്ച രാത്രി സന്ധ്യാപ്രാർഥനയെ തുടർന്ന് എട്ടിനാണ് ഇടവകയിലെ 3100 വീടുകളും ഒരേ സമയത്ത് ബൈബിൾ വായിച്ച് ചരിത്രം കുറിച്ചത്.
ഇടവകയിലെ ഓരോ കുടുംബത്തിനും നിശ്ചിത അധ്യായം വീതം മുൻകൂട്ടി നൽകിയാണ് പാരായണം ക്രമീകരിച്ചത്. കുടുംബകൂട്ടായ്മ യൂണിറ്റുകളാണ് ബൈബിൾ പാരായണത്തിനുള്ള ക്രമീകരണങ്ങൾ നടത്തിയത്. ഇടവകയിലെ 81 കുടുംബകൂട്ടായ്മകൾക്കും 17 അധ്യായം വീതം നിശ്ചയിച്ച് നൽകിയാണ് സന്പൂർണ പാരായണം ഉറപ്പാക്കിയത്. ഓരോ കൂട്ടായ്മയിലും 17 നു മുകളിൽ വീടുകളുള്ളതിനാൽ ഒരേ അധ്യായം തന്നെ ആവർത്തിക്കാനും അവസരം നൽകി.
സെപ്റ്റംബർ ഒന്നിന് നടക്കുന്ന നസ്രാണി മഹാസംഗമത്തിന്റെ വിജയത്തിനായി വിപുലമായ ആത്മീയ ഒരുക്കങ്ങളാണ് ഇടവകയിൽ നടന്നുവരുന്നത്. ഒരുക്കങ്ങളുടെ ഭാഗമായി 25 മുതൽ 29 വരെ തീയതികളിൽ ഫാ. ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന മരിയൻ കണ്വൻഷൻ നടക്കും.