ചരിത്രത്തിൽ ഇടംതേടുന്ന നസ്രാണി മഹാസംഗമത്തിന്റെ തലേദിനമായ ഇന്ന് ഇടവകാംഗങ്ങളായ വൈദികരുടെയും സന്യസ്തരുടെയും സംഗമം നടക്കും. വൈകുന്നേരം അഞ്ചിന് ഇടവക വൈദികരുടെ കാർമികത്വത്തിലുള്ള സമൂഹബലിയെത്തുടർന്ന് ആർച്ച് പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളിനു കൊടിയേറ്റും. തുടർന്ന് നസ്രാണിസംഗമത്തിന് ആതിഥ്യമരുളുന്ന കൂറ്റൻ പന്തൽ ചുറ്റി ജപമാല മെഴുകുതിരി പ്രദക്ഷിണം നടക്കും. മഹാസംഗമത്തോടൊപ്പം ആരംഭിക്കുന്ന എട്ടുനോന്പാചരണവും സംഗമത്തിനു മുന്നോടിയായി നടന്ന മരിയൻ കൺവൻഷനും ചേർന്ന് വലിയ ആത്മീയവിരുന്നാണ് ഇടവകയ്ക്കും മുത്തിയമ്മ ഭക്തർക്കും ലഭിക്കുന്നത്. 65000 ചതുരശ്രഅടി വിസ്തീർണത്തിലാണ് സംഗമത്തിനായി കൂറ്റൻ പന്തൽ ഒരുക്കിയിരിക്കുന്നത്.
സംഗമത്തോടനുബന്ധിച്ച് ജീവകാരുണ്യരംഗത്തും ഇടവക ചെലുത്തുന്ന ശ്രദ്ധയുടെ ഭാഗമായാണ് അഷ്ടഭവനപദ്ധതിയുടെ സമർപ്പണം. ഭൂരഹിതരായ എട്ട് കുടുംബങ്ങൾക്കാണ് സ്ഥലവും വീടും ഇടവക സമ്മാനിക്കുന്നത്. വലിയനോന്പിലൂടെ മത്സ്യവും മാംസവും വർജിച്ച് സമാഹരിച്ച തുക ഉൾക്കൊള്ളിച്ചാണ് അഷ്ടഭവനപദ്ധതിയിലെ വീടുകളുടെ നിർമാണമെന്നത് കാരുണ്യത്തിന്റെ മാറ്റുകൂട്ടുന്നു. വിദ്യാഭ്യാസരംഗത്ത് കനത്ത സംഭാവന നൽകുന്ന ഇടവക ദേവമാതാ കോളജ് സ്വാശ്രയവിഭാഗത്തിനായി നസ്രാണി മഹാസംഗമ സ്മാരകമായി ബഹുനില ബ്ലോക്കും നിർമിച്ചിട്ടുണ്ട്. ഒന്നര വർഷത്തിലേറെ നീണ്ട പ്രാർഥനകളുടെയും പരിശ്രമങ്ങളുടെയും വിജയമായാണ് വിദേശങ്ങൾ അടക്കമുള്ള പ്രതിനിധികളെ ഉൾക്കൊള്ളിച്ച് നസ്രാണി മഹാസംഗമത്തിന് ഇടവക ആതിഥ്യമരുളുന്നത്.