മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളിന് കൊടിയേറി. ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ കൊടിയേറ്റി. കൊടിയേറ്റിനു മുൻപ് ഇടവകാംഗങ്ങളായ വൈദികരുടെ നേതൃത്വത്തിൽ സമൂഹബലി നടന്നു. കൊടിയേറ്റിനെത്തുടർന്ന് നസ്രാണി മഹാസംഗമ പന്തൽ ചുറ്റി ജപമാല മെഴുകുതിരി പ്രദക്ഷിണം നടത്തി. സെപ്റ്റംബർ എട്ടിന് പ്രധാനതിരുനാൾ ആചരണം നടക്കും.
നസ്രാണി മഹാസംഗമ ദിനമായ ഇന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് കാഞ്ഞിരപ്പിള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ, ചിക്കാഗോ രൂപത മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത്, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി, പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. പ്രധാന തിരുനാൾ ദിനമായ എട്ടിന് പാലാ രൂപതമെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
തിരുനാളിന്റെ ഓരോ ദിവസങ്ങളിലും ഓരോ പ്രത്യേക ദിനാചരണങ്ങളും ഒരുക്കിയിട്ടുണ്ട്. സമർപ്പിത ദിനത്തോടെ ആരംഭിക്കുന്ന ദിനാചരണങ്ങൾ കുറവിലങ്ങാട് നസ്രാണി മഹാസംഗമം, സംഘടനാദിനം, കുടുംബകൂട്ടായ്മാദിനം, സമർപ്പണദിനം, കുന്പസാരദിനം, കർഷക ദിനം, കൃതജ്ഞതാദിനം എന്നിങ്ങനെ ആചരിക്കും. പ്രധാന തിരുനാൾ ദിനത്തിൽ മേരിനാമധാരി സംഗമവും നടക്കും.