എല്ലാറ്റിലും കൃത്യതയും വ്യക്തതയും. കൊച്ചുതീരുമാനങ്ങളിൽ പോലും ചർച്ചയിൽ ഉരുത്തിരിയുന്ന ആലോചന. വൈദികരുടെയും അത്മായരുടെയും നേതൃനിര. എല്ലാ ആഴ്ചകളിലും ചേരുന്ന കോർ കമ്മിറ്റി. വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും വൈദികരുടെ യോഗങ്ങൾ. ഓരോ പ്രവർത്തനങ്ങൾക്കും ഓരോ കമ്മിറ്റികൾ. ഈ പ്രവർത്തനങ്ങൾ ഏകീകരിക്കാനും തിരുത്താനുമായി ആഴ്ചവട്ട അവലോകനങ്ങൾ. ഇന്നലെ നാടും പതിനായിരങ്ങളും സാക്ഷ്യം വഹിച്ച് ഉന്നത വിജയമെന്ന് വിലയിരുത്തിയ നസ്രാണി മഹാസംഗമത്തിന്റെ പ്രവർത്തന രഹസ്യമാണിത്.
കൂട്ടായ്മയുടെയും നേതൃത്വത്തിന്റെയും ശക്തിക്കുമേൽ പ്രാർഥനയുടെ കരുത്തും ചേരുവയാക്കിയാണ് ഇടവക പ്രവർത്തനം നടത്തിയത്. ഈ പ്രവർത്തനരീതി വൻ വിജയമെന്ന് ഇന്നലെ തെളിയിക്കപ്പെട്ടു. ഒന്നര വർഷം മുൻപ് ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിന്റെ മനസിൽ മൊട്ടിട്ട ആശയമാണ് ഇന്നലെ വിജയത്തിലെത്തിച്ചത്.
കത്തോലിക്കാ സംഗമമെന്നും കുറവിലങ്ങാട് സംഗമമെന്നുമൊക്കെയുയർന്ന പേരുകൾ ഒടുവിൽ നസ്രാണി മഹാസംഗമമായി പരുവപ്പെടുത്തിയതോടെ പ്രവർത്തനങ്ങളാരംഭിക്കുകയായിരുന്നു. ഇടവകയുടെ ഓരോ തീരുമാനങ്ങളും രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അനുമതി തേടിയാണ് നിർവഹണം നടത്തിയതെന്നത് കെട്ടുറപ്പുള്ളതാക്കി മാറ്റി. കഴിഞ്ഞവർഷം ഇടവക ആതിഥ്യമരുളിയ എല്ലാ പരിപാടികളും സംഗമത്തിന്റെ പ്രചാരണത്തിനുള്ള വേദികളാക്കി മാറ്റി.
കൂട്ടായ പരിശ്രമങ്ങളിൽ സംഗമത്തിന് ലോഗോയും ബ്രോഷറുമൊക്കെയായതോടെ പ്രവർത്തനങ്ങളിൽ കൂടുതൽ ആവേശമായി. ലോഗോ പ്രകാശനവും ബ്രോഷർ പ്രകാശനവും രജിസ്ട്രേഷൻ ഉദ്ഘാടനവും പിന്നിട്ടതോടെ സംഘാടകശക്തി കൂടുതൽ സജീവമായി.
മലയോരമേഖലയിലും മലബാറിലുമൊക്കെ ഒരുപോലെ ക്ഷണക്കത്തുമായി ഇടവകാംഗങ്ങളെത്തി. എത്തിയിടങ്ങളിലുള്ള സ്വീകാര്യതയും സ്വീകരണവും സംഘാടകരിൽ ആവേശം വർധിപ്പിച്ചു. ഇതോടെ പതിനായിരം പേരുടെ സംഗമം പതിനയ്യായിരമാക്കിയെങ്കിലും ഇന്നലെയത് ആയിരം കൂടി വർധിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യാനാകാതെ വന്നവരുടെ ആഗ്രഹം കണക്കിലെടുത്ത് പാരിഷ് ഹാളിൽ ടിവി സ്ഥാപിച്ച് അവസരം നൽകി. ടിവിയിലെങ്കിലും കണ്ടാൽ മതിയെന്ന നിലപാട് സംഗമത്തിന്റെ സ്വീകാര്യത വ്യക്തമാക്കി.
ഒരുമിച്ച് പ്രാർഥിച്ചും ഒരുമിച്ച് ചർച്ചകൾ നടത്തിയും ഒരുമിച്ച് ഭക്ഷിച്ചുമുള്ള സംഗമം അക്ഷരാർഥത്തിൽ ആദിമ ക്രൈസ്തവരുടെ ആത്മീയ അനുഭവമാണ് പങ്കെടുത്തവർക്കെല്ലാം സമ്മാനിച്ചത്.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ, അസി.വികാരിയും കണ്വീനറുമായ ഫാ. തോമസ് കുറ്റിക്കാട്ട്, കോ ഓർഡിനേറ്റർ ഡോ. ടി.ടി മൈക്കിൾ എന്നിവരുടെ നേതൃത്വത്തിലുള്ള ആയിരത്തിലധികമുള്ള വോളണ്ടിയർമാരുടെ മാതൃകാസേവനവും പ്രശംസ നേടി.