കുറവിലങ്ങാട് ക്രൈസ്തവ സംസ്കാരിക കേന്ദ്രമാണെന്നും സഭാപാരന്പര്യങ്ങളുടെയും ഈ ദേശത്തിന്റെ പാരന്പര്യത്തിന്റെയും മേഖലകളെ കാത്തു സൂക്ഷിച്ച് ഉറങ്ങാത്ത കാവൽക്കാരനായി കുറവിലങ്ങാട് നിൽക്കുകയാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട്. നസ്രാണി സംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ ജീവിതത്തിന്റെ പ്രധാനപ്പെട്ട പാരന്പര്യങ്ങളെല്ലാം കുറവിലങ്ങാട്ടുണ്ട്. പൊതുവായ നസ്രാണി പാരന്പര്യത്തിന്റെ മേന്മയാണ് നസ്രാണി സംഗമം നമ്മെ പഠിപ്പിക്കുന്നത്. പൈതൃകങ്ങളുടെ ഗർഭഗൃഹമായ കുറവിലങ്ങാടിനെ ഒരു നിധിപോലെ നാം കാത്തു സൂക്ഷിക്കണം. വിഭജനങ്ങളിലൂടെ പലതായി നിൽക്കുന്ന സഭയല്ല, ഒന്നായിട്ടു നിന്നതും നിൽക്കേണ്ടതുമായി ശ്ലൈഹിക പാരന്പര്യമുള്ള സഭയുടെ മക്കളെയാണ് ഈ നസ്രാണി സംഗമത്തിലൂടെ കാണാൻ കഴിയുന്നത്. ഒരേ ആരാധനയിലും ഭരണക്രമത്തിലും നമുക്ക് എത്താൻ സാധിച്ചില്ലെങ്കിലും ഒരേ ഹൃദയ ഐക്യത്തിലും സഹോദര്യത്തിലും യോജിക്കാൻ കഴിയുമെന്നും മാർകല്ലറങ്ങാട്ട് പറഞ്ഞു.