കൊറോണ വൈറസ് സാമൂഹ്യവ്യാപന ഘട്ടത്തിലേക്കു പ്രവേശിക്കാതിരിക്കണമെങ്കിൽ അതീവ ജാഗ്രത പാലിക്കണമെന്ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർദേശിച്ചു.
ആളുകൾ ഒത്തുകൂടാൻ സാധ്യതയുള്ള എല്ലാ സമ്മേളനങ്ങളും പൊതുപരിപാടികളും ഒഴിവാക്കണം. എല്ലാ ദിവസങ്ങളിലും ഇടവക ദേവാലയങ്ങളിൽ പതിവുസമയത്ത് വൈദികർ വിശുദ്ധ കുർബാന അർപ്പിക്കും. വിശ്വാസികൾ ആ സമയത്ത് ഭവനങ്ങളിലിരുന്ന് ആത്മീയമായി വിശുദ്ധ കുർബാനയിൽ പങ്കുചേരേണ്ടതാണ്. ദേവാലയങ്ങളിൽ അർപ്പിക്കപ്പെടുന്ന ഓരോ വിശുദ്ധ കുർബാനയിലും നേരിട്ട് പങ്കെടുക്കുന്നവരുടെ എണ്ണം ഇരുപതിനോടടുത്ത് പരിമിതപ്പെടുത്തണം. കുടുംബാംഗങ്ങൾക്ക് ഒരുമിച്ചിരുന്ന് ഓണ്‍ലൈനായി (ശനിയാഴ്ച മുതൽ 31 മാർച്ച് വരെ) വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനായി രൂപതയിൽ ചെയ്തു വരുന്ന ക്രമീകരണങ്ങൾ ഇപ്രകാരമാണ്. സാധാരണ ദിവസങ്ങളിൽ രാവിലെ 5.30, 6.30, വൈകുന്നേരം 5.00, ഞായറാഴ്ച – രാവിലെ 5.30, 7.00, 9.00, 11.00, വൈകുന്നേരം 4.30 (Palai Roopatha Official – YouTube Channel & Palai Diocese – Face Book Page).
യാമപ്രാർഥനകൾ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു ചൊല്ലുവാൻ ശ്രദ്ധിക്കണം. വ്യക്തികളായി വന്നു പ്രാർഥിക്കുന്നതിനുള്ള സൗകര്യം ആളുകൾക്ക് നൽകുന്നതിനായി ദേവാലയങ്ങൾ പതിവുപോലെ തുറന്നിടും. മൃതസംസ്കാരം ഉൾപ്പെടെയുള്ള കർമങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം തൊട്ടടുത്ത ബന്ധുക്കളിൽ മാത്രം പരിമിതപ്പെടുത്തണം. പതിനഞ്ചു വയസിൽ താഴെയുള്ള കുട്ടികളും അറുപതു വയസിനു മുകളിലുള്ള മുതിർന്നവരും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നമുള്ളവരും ഭവനങ്ങളിൽ തന്നെയിരിക്കണം. രൂപത കാര്യാലയത്തിലും ഷാലോം പാസ്റ്ററൽ സെന്റർ ഉൾപ്പെടെയുള്ള അനുബന്ധ ഓഫീസുകളിലും ഒഴിവാക്കാൻ സാധിക്കാത്ത ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രം എത്താം. ഈ താത്കാലിക ക്രമീകരണങ്ങൾ മാർച്ച് 31 വരെയായിരിക്കും.