കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മധ്യസ്ഥംതേടിയുള്ള ദേശത്തിരുനാളുകള്ക്കും പത്താംതീയതി തിരുന്നാളിനും കൊടിയേറി. ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍ തിരുനാള്‍ കൊടിയേറ്റി. സഹവികാരിമാരായ റവ.ഡോ. ജോയൽ പണ്ടാരപ്പറമ്പിൽ, ഫാ. ജോസഫ് അമ്പാട്ട്, ഫാ. മാത്യു പാലയ്ക്കാട്ടുകുന്നേൽ, ഫാ. തോമസ് കൊച്ചോടയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായി.
ഈ വർഷത്തെ ദേശത്തിരുനാളുകള്‍ക്ക് പ്രദക്ഷിണങ്ങളുടെ അഭാവത്തിൽ തിരുസ്വരൂപ പ്രയാണങ്ങളായിരിക്കും ഉണ്ടാവുക.
ദേശത്തിരുനാളുകള്‍ക്ക് ഇന്ന് (തിങ്കൾ) തുടക്കമാകും. ആദ്യദിനമായ ഇന്ന് സാന്തോം സോണിലാണ് തിരുസ്വരൂപ പ്രയാണം. വൈകുന്നേരം 4.30 ന് പള്ളിയില്‍നിന്ന് തിരുസ്വരൂപപ്രയാണം ആരംഭിക്കും. ഭക്തജനങ്ങള്‍ക്ക് തിരുസ്വരൂപമെത്തുന്ന വീഥികളിലെത്തി തിരുസ്വരൂപം വണങ്ങി പ്രാര്‍ത്ഥിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
നാളെ (ചൊവ്വാഴ്ച) വിശുദ്ധ അല്‍ഫോന്‍സാ സോണിലും
ബുധനാഴ്ച വിശുദ്ധ കൊച്ചുത്രേസ്യാ സോണിലും
വ്യാഴാഴ്ച സെന്റ് ജോസഫ് സോണിലുമാണ് തിരുസ്വരൂപപ്രയാണം ക്രമീകരിച്ചിട്ടുള്ളത്.
വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യപാരസ്ഥാപനങ്ങളിലും ടാക്സി സ്റ്റാന്റുകളിലും തിരുസ്വരൂപപ്രയാണം നടത്തും.
13, 14 തീയതികളിലായി (അടുത്ത ശനി ഞായർ ദിവസങ്ങളിൽ) നടക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളോടെ പത്താംതീയതി തിരുന്നാളിന് സമാപനമാകും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, സാമൂഹികഅകലം ഉറപ്പാക്കിയും കൂട്ടം കൂടാതെയുമാകണം ഈ വർഷത്തെ തിരുന്നാളാഘോഷങ്ങളിൽ പങ്കെടുക്കേണ്ടതെന്നുള്ള കര്‍ശനനിര്‍ദേശം അധികാരപ്പെട്ടവർ നല്‍കിയിട്ടുണ്ട്
സഭൈക്യവാരത്തോടെ ആരംഭിച്ച ആത്മീയവിരുന്നിന് പത്താംതീയതി തിരുന്നാളോടെ സമാപനമിട്ട് തിങ്കളാഴ്ച വിഭൂതിത്തിരുന്നാളോടെ വിശ്വാസസമൂഹം വലിയ നോമ്പിലേക്ക് പ്രവേശിക്കും.
ദേശത്തിരുനാളുകളിലും പത്താംതീയതി തിരുനാളിലും ജനപങ്കാളിത്തത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദക്ഷിണത്തിലും തിരുക്കര്മങ്ങളിലും ഭക്തജനപങ്കാളിത്തം കോവിഡ് നിയന്ത്രണങ്ങള്‍ക്കു വിധേയമാണെന്നു നേരത്തെ അറിയിച്ചിരുന്നു. നാലു സോണുകളായി തിരിഞ്ഞുള്ള ദേശത്തിരുനാളുകളില് ജനപങ്കാളിത്തത്തോടെയുള്ള കഴുന്ന് പ്രദക്ഷിണങ്ങള്‍ ഇക്കുറിയില്ല. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം ഓരോ ദിവസവും ഓരോ സോണുകളിലായി പ്രയാണം നടത്തും.
ദേവാലയത്തിൽ തിരുന്നാൾ ദിനങ്ങളിൽ രാവിലെ 5.30, 6.30, 7.30 എന്നീ സമയങ്ങളിലെ വിശുദ്ധ കുര്ബാനകള്ക്കു ശേഷം നിയന്ത്രണങ്ങള്‍ പാലിച്ച് കഴുന്നെടുക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. തിരുന്നാൾ ദിനങ്ങളിൽ വൈകുന്നേരം 6.00ന് വിശുദ്ധ കുർബാന, 7.00ന് ലദീഞ്ഞും തുടർന്ന് വിശുദ്ധ കുര്‍ബാനയും.