ഇടവകയുടെ അജപാലന ശുശ്രൂഷയിൽ സോൺ തല ക്രമീകരണം വന്നതിനു ശേഷമുള്ള വിപുലമായ ഇടവകദിനമെന്ന ആഗ്രഹം മാതൃഭക്തിയാൽ തിളങ്ങുകയും ചെയ്തു. ഇടവകയിലെ നാലു സോണുകളുടെ നേതൃത്വത്തിൽ മുത്തിയമ്മയുടെ ചിത്രം ആലേഖനം ചെയ്ത പേപ്പൽ പതാകയുമായാണ് ഇടവകജനം റാലിയിൽ പങ്കെടുത്തത്. ഇടവകദിനാചരണത്തിന്റെ ഭാഗമായി വീടുകളിൽ ഉയർത്തിയ പതാകകളാണ് റാലിയിൽ സംവഹിച്ചത്. 3100ഓളം കുടുംബനാഥൻ/നാഥമാർ പതാകകളുമായി റാലിയിൽ അണിചേർന്നു.
വിവിധ സ്ഥലങ്ങളിൽ നിന്നാരംഭിച്ച റാലി ജൂബിലി കപ്പേളയ്ക്കു മുമ്പിൽ സംഗമിച്ചതോടെ വിശ്വാസസാഗരം ജപമാല റാലിയിൽ അണിചേർന്ന് ദേവാലയത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇടവക ദേവാലയത്തിന്റെ മുറ്റത്ത് റാലി എത്തിച്ചേർന്നപ്പോൾ ആശീർവാദവുമായി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് എത്തി.
മർത്ത്മറിയം ഫൊറോന ഇടവകദിനാഘോഷത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകി.
കുറവിലങ്ങാട്ടെ ഇടവക ദിനാചരണം ചരിത്രപരമായ കൂടിവരവാണെന്നും സമുദ്രം ഒഴുകിയെത്തുന്നതു പോലെയാണ് വിശ്വാസിസമൂഹം മുത്തിയമ്മയ്ക്ക് അരികിലേക്കെത്തിയതെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. കുറവിലങ്ങാടിന്റെ പ്രത്യേകതകളുമായി ബന്ധപ്പെടുത്തി റോമിൽ നടന്ന ഒരു സമ്മേളനത്തിൽ ഇടവകയെക്കുറിച്ചും വിശ്വാസിസമൂഹത്തെക്കുറിച്ചും പ്രമുഖ കർദിനാൾമാരുമായി സംസാരിക്കാൻ സാധിച്ചതായും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
ഇന്ത്യയിൽ ആർക്കും അവകാശപ്പെടാനാവാത്തവിധം സഭയുടെ വിശ്വാസം കാത്തു സൂക്ഷിക്കുന്ന ഭൂമിയാണ് കുറവിലങ്ങാടെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ, സഹവികാരി. ഫാ. ജോസഫ് കുന്നയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു. ജപമാലറാലിയും കലാപരിപാടികളും ഇടവകയുടെ കൂട്ടായ്മയും ആത്മീയതയും വിളിച്ചോതുന്നതായിരുന്നു.