കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിലെ എട്ടുനോമ്പാചരണം, ഇന്നലെ നടന്ന പിറവിത്തിരുനാൾ ആഘോഷങ്ങളോടും മേരിനാമധാരി സംഗമത്തോടും ജപമാലറാലിയോടും സ്നേഹവിരുന്നോടുംകൂടി സമാപിച്ചു. 178 മണിക്കൂർ പിന്നിട്ട് അഖണ്ഡപ്രാത്ഥനയ്ക്കും സമാപനമായി.
മാതാവിന്റെ പിറവിത്തിരുനാളിൽ ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. ഫാ. ക്ലെമന്റ് ചിറയത്ത്, ഫാ. അനൂപ് കോലംകണ്ണിയേൽ എന്നിവർ സഹകാർമികരായി. തിരുനാൾ പ്രദക്ഷിണത്തിലും സ്നേഹവിരുന്നിലും പതിനായിരങ്ങൾ പങ്കെടുത്തു. വൈകുന്നേരമെത്തിയിട്ടും ദൈവാലയത്തിലേക്ക് അണമുറിയാത്ത ഭക്തജനപ്രവാഹമായിരുന്നു.
മേരിനാമധാരി സംഗമത്തിനായി രണ്ടായിരത്തോളം മേരിമാർ മുത്തിയമ്മയ്ക്കരികിൽ സംഗമിച്ചപ്പോൾ വിശ്വാസി സാഗരം ആശംസകളർപ്പിച്ചു. സംഗമത്തിനെത്തിയവരിൽ 1817 പേർ മുത്തിയമ്മയുടെ സവിധത്തിൽ 21 കള്ളപ്പം വീതം സമർപ്പിച്ചാണ് പ്രാർത്ഥന നടത്തിയത്. പതിനായിരക്കണക്കായ മുത്തിയമ്മ ഭക്തർക്ക് ഈ കള്ളപ്പം നോമ്പ് വീടലിനോടു ചേർന്നുള്ള സ്നേഹവിരുന്നിൽ വിളമ്പിനൽകി. മേരിനാമധാരി സംഗമം തലമുറകളുടെ സംഗമത്തിനും വേദിയായി. കൈക്കുഞ്ഞുങ്ങളായ കുഞ്ഞുമേരി മുതൽ നാലു തലമുറ പിന്നിട്ട മറിയം വരെ സംഗമത്തിൽ കണ്ണികളായി അമ്മയ്ക്കുമുന്നിൽ കൂപ്പുകരങ്ങളോടെ നിന്നു. മാമ്മോദീസാപ്പേരിലൂടേയും ദൈവമാതാവിനേടുള്ള നന്ദിപ്രകാശനമായും മാതാവിന്റെ നാമം സ്വീകരിച്ചവരാണ് സംഗമത്തിനെത്തിയത്. മേരി, മറിയം, അമല, നിർമ്മല, വിമല, മരിയ എന്നിങ്ങനെ ദൈവമാതാവിന്റെ പേര് സ്വീകരിച്ചവരായിരുന്നു പതിവുപോലെ ഒരുമിച്ചത്. സംഗമത്തിനെത്തിയ മേരിനാമധാരികൾക്കെല്ലാം പ്രത്യേക ഉപഹാരവും നൽകി. മേരിനാമധാരികൾക്കായി ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടന്റെ കാർമികത്വത്തിൽ പ്രത്യേക പ്രാർഥനകളും നടത്തി.
ഫൊറോന വികാരി റവ. ഡോ. ജോസഫ് തടത്തിൽ, സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ. മാത്യു വെങ്ങാലൂർ എന്നിവർ മേരിമാർക്ക് പ്രാർഥനാശംസകൾ നേർന്നു.