കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിലെ മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് പാലാ ആർഡിഒ അനിൽ ഉമ്മൻ വിളിച്ചുചേർത്ത, മോൻസ് ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ പള്ളി യോഗശാലയിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:
ടൗണിലെ ഗതാഗതസംവിധാനങ്ങൾ ശാസ്ത്രീയമായി പരിഷ്കരിക്കും.
സെൻട്രൽ ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കും.
ടൗണിൽ ദിശാബോർഡുകൾ സ്ഥാപിക്കും.
നടപ്പാതകളിൽ പാർക്കിംഗ് പാടില്ല. പള്ളിറോഡിൽ നിയമം ലംഘിച്ച് പാർക്കിംഗ് നടത്തുന്ന വാഹനങ്ങൾക്കെതിരെ പോലീസ് കേസെടുക്കും. സെൻട്രൽ ജംഗ്ഷനിൽ മതിയായ രീതിയിൽ ദിശാബോർഡുകൾ സ്ഥാപിക്കും. നടപ്പാത കൈയേറി സ്ഥാപിച്ചിട്ടുള്ള മുഴുവൻ ബോർഡുകളും നീക്കും.
ഓടകൾക്ക് മുഴുവൻ ജനുവരി 15ന് മുൻപായി സ്ലാബിടും.
റോഡ് വികസനത്തിനൊപ്പം തീർത്ഥാടകർക്കായി കുറവിലങ്ങാട് പള്ളി എന്ന ബോർഡ് സ്ഥാപിക്കും.
തോട്ടുവ-നസ്രത്ത്ഹിൽ, പള്ളിത്താഴം-മുണ്ടൻവരമ്പ്, മുട്ടുങ്കൽ-മുക്കവലക്കുന്ന് റോഡുകൾ പ്രത്യേക പരിഗണനയിൽ അറ്റകുറ്റപ്പണികൾ നടത്തും.
ടൗണ് പ്രദേശത്തെ തെരുവ് വിളക്കുകൾ പൂർണമായി പ്രകാശിപ്പിക്കും. പൊതു കംഫർട്ട് സ്റ്റേഷനുകളുടെ സേവനം ഉറപ്പാക്കും.
തിരുനാൾ ദിനങ്ങളിൽ എല്ലാ വർഷങ്ങളിലേയുംപോലെ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. കപ്പൽപ്രദക്ഷിണം നടക്കുന്ന ചൊവ്വാഴ്ച കടപ്പൂരിലേക്കുള്ള സർവീസ് ഉറപ്പാക്കും.
തിരുനാൾ ദിനങ്ങളിൽ ആരോഗ്യവകുപ്പിന്റെ പ്രത്യേക കേന്ദ്രം പ്രവർത്തിപ്പിക്കും.
വില്ലേജ് ഓഫീസിൽ പ്രത്യേക കണ്ട്രോൾ റൂം പ്രവർത്തിപ്പിക്കും.
തിരുനാൾ ദിനങ്ങളിൽ കുറഞ്ഞത് 170 പോലീസുകാരുടെ സേവനം ഉറപ്പാക്കി പ്രത്യേക കണ്ട്രോൾ റൂം അനൗണ്സ്മെന്റ് സൗകര്യത്തോടെ പ്രവർത്തിപ്പിക്കുമെന്ന് വൈക്കം ഡിവൈഎസ്പി കെ. സുഭാഷ്, കുറവിലങ്ങാട് എസ്ഐ ഷമീർഖാൻ എന്നിവർ അറിയിച്ചു.
ഹൈഡ്രജൻ ബലൂണുകളുടെ വിൽപ്പന നിരോധിച്ചിട്ടുള്ളതായി ആർഡിഒ അറിയിച്ചു.
മോൻസ് ജോസഫ് എംഎൽഎ, പാലാ ആർഡിഒ അനിൽ ഉമ്മൻ, ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ തുടങ്ങിയവർ ചർച്ചയ്ക്കു നേതൃത്വം നൽകി.